സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒരു പ്രത്യേക മാസ് ഓഡിയന്‍സിനെ രസിപ്പിക്കണമെന്നത് ഇന്ന് ക്രൈറ്റീരിയയായി: ഐശ്വര്യ ലക്ഷ്മി
Entertainment
സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒരു പ്രത്യേക മാസ് ഓഡിയന്‍സിനെ രസിപ്പിക്കണമെന്നത് ഇന്ന് ക്രൈറ്റീരിയയായി: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th November 2024, 3:53 pm

സിനിമ ഒരു കോര്‍പ്പറേറ്റ് ലെവലിലേക്ക് മാറി കഴിഞ്ഞുവെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമ മാത്രമാണ് പൂര്‍ണമായും കോര്‍പ്പറേറ്റ് ആകാത്തതെന്നും എങ്കിലും കോര്‍പ്പറേറ്റ് ലെവലിലുള്ള കാര്യങ്ങള്‍ മലയാള സിനിമയിലും വന്നുവെന്നും ഐശ്വര്യ പറഞ്ഞു.

ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ മാര്‍ക്കറ്റിന് അനുസരിച്ചുള്ള സ്‌ക്രിപ്റ്റ് ചൂസ് ചെയ്യേണ്ടി വരികയാണെന്നും സൂപ്പര്‍സ്റ്റാര്‍സിന് ഒരു പ്രത്യേക മാസ് ഓഡിയന്‍സിനെ രസിപ്പിക്കണം എന്നുള്ളത് ക്രൈറ്റീരിയയായി മാറിയെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഒരുകാലത്ത് കഥപോലും അറിയാതെ സിനിമ ചെയ്തവര്‍ ഉണ്ടായിരുന്നു. അതേസമയം ഇപ്പോള്‍ ആളുകള്‍ ഒരുപാട് സമയം ചിലവഴിച്ച് കഥ തെരഞ്ഞെടുത്താണ് ഓരോ സിനിമകളും ചെയ്യുന്നത്. അത്തരമൊരു ഫേസിലേക്ക് പോകാന്‍ പറ്റിയിരുന്നങ്കിലെന്ന് തോന്നിയിട്ടുണ്ടോ’യെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ഉറപ്പായിട്ടും തോന്നിയിട്ടുണ്ട്. അതിന് ഒരുപാട് കാരണങ്ങളുണ്ട്, ഒരൊറ്റ കാരണം മാത്രമല്ല. സിനിമയെന്നത് ഒരു ബിസിനസ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ലെവലിലേക്ക് മാറി കഴിഞ്ഞു. മലയാള സിനിമ മാത്രമാണ് പൂര്‍ണമായും കോര്‍പ്പറേറ്റ് ആകാത്തത്. എങ്കിലും കോര്‍പ്പറേറ്റ് ലെവലിലുള്ള കാര്യങ്ങള്‍ വന്നിട്ടുണ്ട്.

ക്രിയേറ്റീവ് മൈന്‍ഡ് സ്‌പേസില്‍ അല്ലാത്തവരും സിനിമയില്‍ അഭിപ്രായങ്ങളും അവരുടെ ഡിമാന്‍സും പറയാന്‍ തുടങ്ങി. ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ മാര്‍ക്കറ്റിന് അനുസരിച്ചുള്ള സ്‌ക്രിപ്റ്റ് ചൂസ് ചെയ്യേണ്ടി വരികയാണ്. സൂപ്പര്‍സ്റ്റാര്‍സിന് ഒരു പ്രത്യേക മാസ് ഓഡിയന്‍സിനെ രസിപ്പിക്കണം എന്നുള്ളത് ക്രൈറ്റീരിയയായി.

നായികമാര്‍ക്കും അത്തരത്തില്‍ ഒരു പ്രത്യേക ക്രൈറ്റീരിയയുണ്ട്. ഇങ്ങനെയുള്ള സിനിമകളില്‍ അത്തരം നായികമാര്‍ വേണമെന്നുള്ള ക്രൈറ്റീരിയയാണ് അത്. അതുപോലെ മലയാളി വേണ്ട സിനിമകളില്‍ എന്തുകൊണ്ട് മലയാളിയായ ആളുകളെ എടുക്കാത്തത്. അല്ലെങ്കില്‍ എന്തുകൊണ്ട് അതിന് അനുസരിച്ചുള്ള ഒരു പുതിയ നായികയെ എടുക്കുന്നില്ല.

എന്തൊക്കെ പറഞ്ഞാലും അവസാനം എല്ലാം ബിസിനസില്‍ ആണ് അവസാനിക്കുന്നത്. ബിസിനസ് ഉള്ളവരെയാണ് വലിയ സിനിമകളില്‍ വെക്കുക. സത്യത്തില്‍ കൊച്ചു സിനിമകള്‍ക്ക് ഈ ഫ്രീഡം കിട്ടുന്നത് ആ ഭാരമില്ലാത്തത് കൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്. അതാണ് ഒന്നാമത്തെ കാര്യം.

പിന്നെ ഞാന്‍ മറ്റ് ഇന്‍ഡസ്ട്രീസ് നോക്കിയപ്പോള്‍ പാട്ടിന് പോലും ഒരു സ്വാതന്ത്ര്യമില്ല. ഓള്‍റെഡി എക്‌സിസ്റ്റിങ്ങായതും ഹിറ്റാകുമെന്ന് അവര്‍ക്ക് തോന്നുന്നതുമായ ഫോര്‍മുലയുള്ള പാട്ടുകളാണ് വീണ്ടും റീമേക്ക് ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ കഷ്ടം തോന്നും. അങ്ങനെ നോക്കുമ്പോള്‍ നമ്മളുടെ ഇന്‍ഡസ്ട്രി എന്തൊരു ഭേദമാണ്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.


Content Highlight: Aishwarya Lekshmi Talks About Cinema Industry And Superstars