| Friday, 28th October 2022, 8:45 am

ഇഞ്ച്വേര്‍ഡായ ബാറ്റ്‌സ്മാന്‍ വീണ്ടും തിരിച്ച് ക്രീസിലേക്ക് വരുമ്പോഴുണ്ടാകുന്ന ഫീലാണ് അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയിന്‍ സെല്‍വന്‍ തനിക്ക് വലിയ ലേണിങ് എക്‌സ്പീരിയന്‍സായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. സെറ്റിലെ ടെക്‌നീഷ്യന്‍മാരുടെ ജോലി വലിയ പ്രചോദനമാണ് നല്‍കിയതെന്നും ഇനി മറ്റൊരു ടീമിനൊപ്പം ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നിയിട്ടുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

‘പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുമ്പോഴുള്ള എന്റെ പ്രധാന ലക്ഷ്യം മണിരത്‌നം സാറിനെ ഇമ്പ്രസ് ചെയ്യുക എന്നുള്ളതായിരുന്നു. പക്ഷേ അത് ഒരിക്കലും നടക്കില്ല. കാരണം രജിനികാന്ത് സാര്‍, കമല്‍ ഹാസന്‍ സാര്‍, മമ്മൂക്ക, ലാലേട്ടന്‍ എന്നിവരെ പോലെയുള്ള വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്ത മണി സാറിന്റെയടുത്ത് വേറെ ഒന്നും ഇഫക്ടാവില്ല.

എന്നാലും അതെനിക്ക് വലിയൊരു ഡ്രൈവിങ് ഫോഴ്‌സായിരുന്നു. എങ്ങനെയാണ് ഒരു സെറ്റില്‍ പെരുമാറേണ്ടത്, സംവിധായകനോട് എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കാം അങ്ങനത്തെ ഒരുപാട് കാര്യങ്ങളുണ്ട്. വലിയ ലേണിങ് എക്‌സ്പീരിയന്‍സായിരുന്നു എനിക്ക് ആ സിനിമ.

ആ സെറ്റിലെ ഓരോരോ ടെക്‌നീഷ്യന്‍സും വര്‍ക്ക് ചെയ്യുന്ന രീതി ഇന്‍സ്പയറിങ്ങായിരുന്നു. ഏക ലകാനിയാണ് കോസ്റ്റിയൂം ചെയ്തത്. ഏക ജോലി ചെയ്യുന്നത് കണ്ട് ഞാന്‍ അവരുടെ ടീമിനോട് തന്നെ പറഞ്ഞിട്ടുണ്ട്, എനിക്കിനി ആരുടെ കൂടെ ജോലി ചെയ്യാനും ബുദ്ധിമുട്ടായിരിക്കുമെന്ന്. കാരണം അത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്ത്, ഓരോ മൈന്യൂട്ട് ഡീറ്റെയ്‌ലിങ്ങും നടത്തിയാണ് ഏക വര്‍ക്ക് ചെയ്യുന്നത്.

ഇതേപോലെ തന്നെയാണ് രവിവര്‍മ്മന്‍ സാറിന്റെ കാര്യം. സാര്‍ നോ പറയുന്നത് ഞാന്‍ കേട്ടിട്ടേയില്ല. ഭയങ്കര ബുദ്ധിമുട്ടുള്ള ഷോട്ടുകള്‍ പൊന്നിയിന്‍ സെല്‍വനില്‍ ഉണ്ടായിട്ടുണ്ട്. ക്യാമറയും സാറും വീണിട്ടൊക്കെയുണ്ട്. അങ്ങനെയുള്ള സമയത്ത് പരിക്ക് പറ്റും. ഇതെല്ലാം കഴിഞ്ഞാലും സാര്‍ വീണ്ടും സെറ്റിലേക്ക് തന്നെ വരും. ഇഞ്ച്വേര്‍ഡായ ബാറ്റ്‌സ്മാന്‍ വീണ്ടും തിരിച്ച് ക്രീസിലേക്ക് പോകുമ്പോള്‍ നമുക്കുണ്ടാകുന്ന ഫീലിങ്ങില്ലേ, അതുപോലെയാണ് രവി വര്‍മ്മന്‍ സാര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തോന്നുക,’ ഐശ്വര്യ പറഞ്ഞു.

അതേസമയം ഐശ്വര്യയുടെ പുതിയ ചിത്രം കുമാരി ഒക്ടോബര്‍ 28ന് റിലീസ് ചെയ്തിരിക്കുകയാണ്. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി റാം, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: aishwarya lekshmi talks about camera man ravi varman

We use cookies to give you the best possible experience. Learn more