| Tuesday, 3rd December 2024, 6:53 pm

ആവേശത്തില്‍ ഒരു സ്ത്രീ കഥാപാത്രത്തെ കൊണ്ടുവരണമെന്നല്ല ഞാന്‍ പറയുന്നത്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ വലിയ വിജയമായ സിനിമകളില്‍ ഒന്നാണ് ആവേശം. ഫഹദ് ഫാസില്‍ രംഗന്‍ എന്ന കഥാപാത്രമായി എത്തിയ സിനിമയ്ക്ക് വലിയ ആരാധകരാണ് ഉള്ളത്. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാനം കൊടുക്കുന്നില്ലെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

അതിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ആവേശത്തില്‍ ഒരു സ്ത്രീ കഥാപാത്രത്തെ കൊണ്ടുവരണമെന്നല്ല താന്‍ പറയുന്നതെന്നും അങ്ങനെയും സിനിമകള്‍ വരട്ടെയെന്നുമാണ് ഐശ്വര്യ പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആവേശത്തില്‍ ഒരു സ്ത്രീ കഥാപാത്രത്തെ കൊണ്ടുവരണം എന്നല്ല ഞാന്‍ പറയുന്നത്. അങ്ങനെയും സിനിമകള്‍ വരട്ടെ. അതുപോലെ തന്നെ ഒരു ആണ്‍ – പെണ്‍ റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള സിനിമകളും വരട്ടെ.

ഞാന്‍ വേറെയൊരു കാര്യം പറയട്ടെ, ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ രാത്രി ഒമ്പത് അല്ലെങ്കില്‍ ഒമ്പതരക്ക് മുമ്പായി തിരിച്ച് കയറണമായിരുന്നു. പക്ഷെ ഇപ്പോള്‍ രാത്രി ഞാന്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്.

രാത്രി ഒരുപാട് കുട്ടികള്‍ റോഡ് സൈഡില്‍ ചായ കുടിച്ചിട്ടൊക്കെ നില്‍ക്കുന്നത് കാണാം. ഹോസ്റ്റലില്‍ നിന്ന് പുറത്ത് ഇറങ്ങി വന്നവരെ നമുക്ക് കണ്ടാല്‍ മനസിലാകുമല്ലോ. അവര് ചിലപ്പോള്‍ നൈറ്റ് ഡ്രസിന്റെ മുകളില്‍ ഷാളൊക്കെ ഇട്ടിട്ടാകും ഉണ്ടാകുക. അവര് അങ്ങനെ പുറത്തിറങ്ങി നടക്കുന്നതും അവരുടെ സംസാരവും ചിരിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ഇപ്പോള്‍ കേരളത്തില്‍ അവര്‍ അനുഭവിക്കുന്ന ഫ്രീഡം ഞാന്‍ അനുഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് അവരുടെ കഥയെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവരുടെ ഇപ്പോഴത്തെ ജീവിതം എന്താണെന്നും അറിയണമുണ്ട്. പ്രേമലുവില്‍ അതിന്റെ ഒരു വേര്‍ഷന്‍ കണ്ടു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi Talks About Aavesham Movie

We use cookies to give you the best possible experience. Learn more