| Friday, 28th October 2022, 5:20 pm

പലരും പറഞ്ഞു 'അമ്മു' ചെയ്യരുതെന്ന്, തെലുങ്കില്‍ ഇങ്ങനെയൊരു സിനിമ ചെയ്താല്‍ വേറൊരു സിനിമക്ക് വിളിക്കില്ലെന്നാണ് എനിക്ക് കിട്ടിയ ഉപദേശം: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്യര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായെത്തി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കുമാരി. ‘ശാപം നിറഞ്ഞ മണ്ണിന്റെ’ കഥയുമായാണ് കുമാരി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ശിവജിത്ത്, തന്‍വി റാം, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ ഫീമെയില്‍ ആര്‍ടിസ്റ്റുകളുടെ സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

‘നമ്മള്‍ സിനിമാ രംഗത്തുള്ള ആരുടെയെങ്കിലും മകനോ, മകളോ ആണെങ്കില്‍ ഒരു സ്റ്റാര്‍ട്ടിങ് സിനിമ കിട്ടുമായിരിക്കും. അത് കഴിഞ്ഞുള്ള സ്ട്രഗിള്‍ നമ്മള്‍ മാത്രമാണ് അനുഭവിക്കേണ്ടത്. ഓരോ സിനിമ കഴിയുമ്പോഴും നമ്മള്‍ ബെറ്ററാകണം. ഇതില്‍ ഒരുപാട് ഫാക്ടേഴ്‌സ് വരുന്നുണ്ട്. എന്റെ ലൈഫില്‍ പലതും വിധിപോലെയായിരുന്നു.

വിധിപോലെ അപ്പു വന്നു, മായാനദിയില്‍ വേറെ ആളെ കാസ്റ്റ് ചെയ്തു എന്നാണ് എന്നോട് ആദ്യം പറഞ്ഞത്. അതിന് ശേഷമാണ് അപ്പു വരുന്നത്. പൂങ്കുഴലി എന്ന ക്യാരക്ടറിന് പകരം എനിക്ക് വേറൊരു ക്യാരക്ടറാണ് തന്നത്. എന്നോട് പലരും പറഞ്ഞു ‘അമ്മു’ ചെയ്യരുതെന്ന്, തെലുങ്കില്‍ ഇങ്ങനെയൊരു സിനിമ ചെയ്താല്‍, ഐശ്വര്യയെ വേറൊരു സിനിമക്ക് അവിടെ വിളിക്കില്ല എന്നാണ് എനിക്ക് കിട്ടിയിട്ടുള്ള ഉപദേശം.

‘അമ്മു’ ഞാന്‍ കറക്ട് ഓപ്പോസിറ്റാണ് ചെയ്തത്. ഉപദേശം ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളഞ്ഞിട്ട് ഞാന്‍ പോയി. ഇപ്പോ എനിക്ക് കുറച്ചായി ഒരുപാട് ഇന്റെന്‍സ്ഡ് റോള്‍സ് ചെയ്തുവെന്ന തോന്നലുണ്ട്. ഇനി അടുത്തതായി ഒരു കോമഡി സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ആ പടം വര്‍ക്കായില്ലെങ്കില്‍ ഞാന്‍ വീണ്ടും ട്രൈ ചെയ്യും. അങ്ങനെയൊരു ഐഡിയയിലാണ് ഞാന്‍ പോകുന്നത്.

സിനിമയില്‍ ആക്‌സപ്റ്റന്‍സ് കിട്ടാന്‍ എല്ലാവര്‍ക്കും പാടാണ്. ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം കുറച്ച് കൂടുതല്‍ ബുദ്ധിമുട്ടാണ്. നമ്മള്‍ കണ്ടീഷന്‍ഡാണ്. ഒരു മെയില്‍ ആക്ടറിന് കൊടുക്കുന്ന കുറേ കാര്യങ്ങള്‍ ഒരു ഫീമെയില്‍ ആക്ടറിന് ചെലപ്പോ ചോദിച്ച് വാങ്ങേണ്ടിവരും. ചോദിക്കേണ്ടി വരികയാണെങ്കില്‍ ചോദിക്കും, ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്. എനിക്ക് കിട്ടേണ്ട കാര്യമാണെങ്കില്‍ ഞാന്‍ ചോദിച്ച് വാങ്ങിയിരിക്കും,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

തിയേറ്ററിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലൊരു മാറ്റം വന്നാല്‍ സിനിമയിലും മാറ്റം വരുമോ എന്ന ചോദ്യത്തിന്,

‘രാത്രി ആറരക്ക് ശേഷം സ്ത്രീകള്‍ സിനിമക്ക് പോകുന്നത് മോശമായിട്ടുള്ള കാര്യമാണെന്ന രീതിയിലാണ് നമ്മുടെ സമൂഹം ഇപ്പോഴും, ഈ കണ്ടീഷനിങ്ങൊക്കെ മാറേണ്ടതുണ്ട്. നമ്മുടെ ആഗ്രഹങ്ങള്‍ക്ക് നമ്മള്‍ പ്രാധാന്യം കൊടുക്കണം, അങ്ങനെ വന്നാല്‍ സിനിമയിലും അത് പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കും,’ എന്നാണ് ഐശ്വര്യ പറഞ്ഞത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം.

കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമാരിയിലെ കാഴ്ചകള്‍ പകര്‍ത്തിയിരിക്കുന്നത് അബ്രഹാം ജോസഫാണ്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ശ്രീജിത് സാരംഗ് എഡിറ്റിങ്ങും കലാസംവിധാനം ഗോകുല്‍ദാസും നിര്‍വഹിക്കുന്നു.

Content Highlight: Aishwarya Lekshmi Talking about Acceptance of Female Actors in Film Industry

We use cookies to give you the best possible experience. Learn more