ആസിഫ് അലിയില്‍ നിന്ന് ഞാന്‍ പഠിച്ചൊരു കാര്യം അതാണ്: ഐശ്വര്യ ലക്ഷ്മി
Entertainment
ആസിഫ് അലിയില്‍ നിന്ന് ഞാന്‍ പഠിച്ചൊരു കാര്യം അതാണ്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd November 2024, 8:29 pm

ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത് 2019ല്‍ റിലീസായ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ‘പെല്ലി ചൂപ്പുലു’ എന്ന തെലുങ്ക് സിനിമയുടെ റീമേക്കാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ഫീല്‍ ഗുഡ് ഴോണറില്‍ ഒരുങ്ങിയ ചിത്രം വന്‍ വിജയമായി മാറി. ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്.

ആസിഫ് അലിയുടെ കൂടെ അഭിനയിച്ച സമയത്ത് അയാളില്‍ നിന്ന് എന്തെങ്കിലും പഠിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഐശ്വര്യ ലക്ഷ്മി. പല കാര്യങ്ങളിലും ആസിഫ് തന്നെപ്പോലെയായിരുന്നെന്നും എന്നാല്‍ ചില കാര്യത്തില്‍ അയാള്‍ തന്നെക്കാള്‍ ബെറ്ററാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഷോട്ട് എടുക്കുന്ന സമയത്ത് ആരെങ്കിലും തന്നെത്തന്നെ തുറിച്ചുനോക്കിയാല്‍ തന്റെ ശ്രദ്ധ മാറുമെന്നും ആ ഷോട്ട് കൃത്യമായി ചെയ്യാന്‍ കഴിയാറില്ലെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അത്തരം അവസരങ്ങളില്‍ അതിനോട് പ്രതികരിക്കാന്‍ തനിക്ക് കഴിയില്ലെന്നും എന്നാല്‍ ആസിഫ് അക്കാര്യത്തില്‍ വ്യത്യസ്തനാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ആരെങ്കിലും ഷോട്ടിന് തടസ്സമായി നില്‍ക്കുന്നത് കണ്ടാല്‍ ആസിഫ് അപ്പോള്‍ തന്നെ പ്രതികരിക്കുമായിരുന്നെന്നും ആ കാര്യം താന്‍ അയാളില്‍ നിന്ന് പഠിച്ചെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. നമ്മുടെ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് ഡിസ്ട്രാക്ട് ചെയ്യുന്ന കാര്യങ്ങളോട് റിയാക്ട് ചെയ്തത് ആ സിനിമ മുതല്‍ക്കാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘വിജയ് സൂപ്പറും പൗര്‍ണമിയും സിനിമയിലൂടെയാണ് ഞാന്‍ ആസിഫുമായി കൂടുതല്‍ കമ്പനിയായത്. പല കാര്യത്തിലും ഞങ്ങള്‍ സെയിം വൈബായിരുന്നു. പക്ഷേ ചില കാര്യത്തില്‍ ആസിഫിക്ക എന്നെക്കാള്‍ ബെറ്ററായിരുന്നു. ഉദാഹരണത്തിന് ഇപ്പോള്‍ നമ്മളുടെ ഷോട്ടെടുക്കുന്ന സമയത്ത് ആരെങ്കിലും നമ്മളെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കില്‍ എനിക്കത് വല്ലാത്ത ഡിസ്‌കംഫര്‍ട്ടുണ്ടാക്കും. പിന്നെ എനിക്ക് ആ ഷോട്ടില്‍ കോണ്‍സന്‍ട്രേഷന്‍ കിട്ടില്ല. പക്ഷേ, അത്തരം സിറ്റുവേഷനില്‍ ഞാന്‍ റിയാക്ട് ചെയ്യില്ലായിരുന്നു.

ആസിഫിക്ക അങ്ങനെയല്ല, അങ്ങനൊരു സിറ്റുവേഷനുണ്ടായാല്‍ പുള്ളി അപ്പോള്‍ തന്നെ റിയാക്ട് ചെയ്യും. ആ ഒരു കാര്യം ആസിഫിക്കയുടെ അടുത്ത് നിന്നാണ് ഞാന്‍ പഠിച്ചത്. അതായത്, നമ്മള്‍ നമ്മളുടെ ജോലി ചെയ്യാനാണ് വന്നിരിക്കുന്നത്. അതില്‍ നിന്ന് നമ്മളെ ആരെങ്കിലും ഡിസ്ട്രാക്ട് ചെയ്യുന്നുണ്ടെങ്കില്‍ നമ്മള്‍ തന്നെയാണ് അതില്‍ റിയാക്ട് ചെയ്യേണ്ടത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi shares the shooting experience of Vijay superum Puournamiyum