ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.
കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ഒരുകൂട്ടം ഫുട്‌ബോള്‍ പ്രേമികളുടെ കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ചിത്രത്തിന്റെ റിലീസിന് ശേഷം താന്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
കരിയറില്‍ ഏറ്റവുമധികം ട്രോളുകള്‍ നേരിട്ടത് കിങ് ഓഫ് കൊത്തയിലായിരുന്നെന്നും അതിന് മുമ്പ് വിമര്‍ശനം കേട്ടത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. ചിത്രത്തില്‍ നായകനായ കാളിദാസിനെക്കാള്‍ തനിക്ക് പ്രായം തോന്നിക്കുന്നെന്ന് ചില കമന്റുകള്‍ കണ്ടിരുന്നെന്നും അത് തന്നെ ചെറുതായി തളര്‍ത്തിയെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങനെയൊരു പ്രശ്‌നം ആര്‍ക്കും തോന്നിയിരുന്നില്ലെന്നും അങ്ങനെ വന്നിരുന്നെങ്കില്‍ ആ സമയത്ത് തന്നെ കഥയില്‍ മാറ്റം വരുത്താമായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. എന്നാല്‍ റിലീസായതിന് ശേഷം അങ്ങനെയൊരു അഭിപ്രായം വന്നത് തന്നെ തിരിച്ചടിയായെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘എനിക്ക് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ കിട്ടിയത് കിങ് ഓഫ് കൊത്തയിലായിരുന്നു. അതില്‍ നിന്ന് പുറത്തുവരാന്‍ കുറച്ച് സമയമെടുത്തു. കിങ് ഓഫ് കൊത്തക്ക് മുമ്പ് ഒരു ക്രിട്ടിസിസം പോലെ വന്നത് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലായിരുന്നു. ആ സിനിമയില്‍ കാളിദാസിനെക്കാള്‍ എന്റെ ക്യാരക്ടറിന് പ്രായം തോന്നിക്കുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. അതെന്നെ ചെറുതായി തളര്‍ത്തി.
ഷൂട്ടിന്റെ സമയത്ത് ആര്‍ക്കും അങ്ങനെ തോന്നിയിരുന്നില്ല. അങ്ങനെ തോന്നിയിരുന്നെങ്കില്‍ നായകനെക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള ക്യാര്കടറായി പ്രസന്റെ ചെയ്യാമായിരുന്നു. പക്ഷേ ഇത് റിലീസിന് ശേഷമാണ് പലരും പറഞ്ഞത്. അതില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lekshmi shares the criticism she heard after Argentina Fans Kaattoorkadavu movie