ആഷിഖ് അബു സംവിധാനം ചെയ്ത് 2017ല്‍ റിലീസായ ചിത്രമായിരുന്നു മായാനദി. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍ എന്നീ സിനിമകളില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ ചെയ്യുന്നത് ഓക്കെയാണോ എന്നൊന്നും ചിന്തിക്കാറില്ലായിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
മായാനദിയില്‍ എല്ലാവരും എടുത്തുപറയുന്ന ‘ഒന്ന് പോയിത്തരുവോ മാത്താ’ എന്ന സീന്‍ കറക്ടായിട്ടാണോ ചെയ്തതെന്ന് ആ സമയത്ത് ചിന്തിച്ചിരുന്നതെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിന്റെ ഇന്നര്‍ കോണ്‍ഫ്‌ളിക്ടുകളുടെ റിഫ്‌ളക്ഷന്‍ മുഴുവന്‍ ആ ഡയലോഗിലേക്ക് കൊണ്ടുവരണമായിരുന്നെന്നും അത് കൃത്യമായി ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
എന്നാല്‍ ആ സിനിമയില്‍ തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട സീന്‍ വേറെയാണെന്ന് താരം പറഞ്ഞു. ‘കാറ്റില്‍’ എന്ന പാട്ടിനിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ടൊവിനോയുടെ ക്യാരക്ടര്‍ തനിക്ക് കഴിക്കാന്‍ വട കൊണ്ടുവരികയും താനത് വാങ്ങി കഴിക്കുന്നതിന്റെ ഇടയ്ക്ക് ടൊവിനോയെ നോക്കുകയും ചെയ്യുന്നുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. ആ ഒരു ഷോട്ട് കണ്ടപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ താന്‍ തന്നെത്തന്നെ അപ്പ്രിഷ്യേറ്റ് ചെയ്തുവെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘മായാനദി, വരത്തന്‍ ഒക്കെ ചെയ്യുന്ന സമയത്ത് നമ്മുടെ പെര്‍ഫോമന്‍സ് ഓക്കെയാണോ എന്നൊന്നും ചിന്തിക്കാറില്ലായിരുന്നു. പിന്നീടാണ് അതിനെപ്പറ്റി കൂടുതലായി ചിന്തിച്ച് തുടങ്ങിയത്. മായാനദിയെപ്പറ്റി സംസാരിക്കുമ്പോള്‍ എല്ലാവരും എടുത്തുപറയുന്ന ഒന്നാണ് ‘ഒന്ന് പോയിത്തരുവോ മാത്താ’ എന്ന ഡയലോഗ്. ആ ക്യാരക്ടറിന്റെ എല്ലാ ഇമോഷനും ആ ഒരൊറ്റ ഡയലോഗിലുണ്ടായിരുന്നു.
ഒരു തവണ നമ്മളെ പറ്റിച്ച് പോയ ഒരാള്‍ വീണ്ടും വന്നിരിക്കുകയാണ്. അയാളെ പറഞ്ഞ് മനസിലാക്കാന്‍ നോക്കിയിട്ട് നടന്നില്ല, അതല്ലാതെ വേറൊരു പൊളിയല്‍ പൊളിഞ്ഞിട്ട് നില്‍ക്കുകയാണ്. ആ സമയത്ത് വീണ്ടും മാത്തന്‍ വന്നപ്പോഴാണ് ആ ഡയലോഗ് പറയുന്നത്. ആ ക്യാരക്ടറിന്റെ എല്ലാ ഇന്നര്‍ കോണ്‍ഫ്‌ളിക്ടും ആ ഡയലോഗില്‍ റിഫ്‌ളക്ട് ചെയ്യുന്നുണ്ട്.
പക്ഷേ, മായാനദിയില്‍ എന്റെ ഫേവറെറ്റ് സീന്‍ മറ്റൊന്നാണ്. ‘കാറ്റില്‍’ എന്ന സോങ്ങിന്റെ ഇടക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മാത്തന്‍ രണ്ട് വട വാങ്ങിച്ചുകൊണ്ട് വരുന്നുണ്ട്. രണ്ടുപേരും ഒരുമിച്ചിരുന്ന കഴിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ വടയിലേക്കും, അത് കഴിഞ്ഞ് മാത്തനെയും നോക്കുന്ന ഷോട്ടുണ്ട്. ആ ഷോട്ട് കണ്ടപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ എന്നെത്തന്നെ അപ്പ്രിഷ്യേറ്റ് ചെയ്തിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aishwarya Lekshmi shares her favorite scene in Mayanadhi movie