| Friday, 4th November 2022, 2:13 pm

ഭീഷ്മയുടെ പ്രൊമോഷനില്‍ നമ്പൂതിരി സ്ലാങ്ങില്‍ സംസാരിക്കുന്ന ഷൈനിന്റെ വീഡിയോ കണ്ട് ഞാന്‍ ഞെട്ടി: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിര്‍മല്‍ സഹദേവിന്റെ സംവിധാനത്തില്‍ ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തിയ ചിത്രമാണ് കുമാരി. ചിത്രത്തില്‍ കുമാരിയുടെ ഭര്‍ത്താവായ ധ്രുവന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടന്‍ ഷൈന്‍ ടോം ചാക്കോയാണ്.

കുമാരി ലൊക്കേഷനില്‍ ഷൈന്‍ ടോമിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹത്തോടുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ നിരവധി അഭിമുഖങ്ങളില്‍ ഐശ്വര്യ ലക്ഷ്മി സംസാരിച്ചിട്ടുണ്ട്.

ധ്രുവന്‍ എന്ന കഥാപാത്രത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതിരുന്ന ഒരു ഷൈനിനെ കുറിച്ച് സംസാരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി.

കുമാരിയുടെ ഷൂട്ടിങ് തീര്‍ന്നതിന് പിന്നാലെ ഭീഷ്മ പര്‍വത്തിന്റെ ഇന്റര്‍വ്യൂകളില്‍ ഷൈന്‍ ധ്രുവന്റെ നമ്പൂതിരി സ്ലാങ്ങില്‍ സംസാരിച്ചതിനെ കുറിച്ചാണ് ഐശ്വര്യ പറയുന്നത്.

”ഭീഷ്മ പര്‍വത്തിന്റെ പ്രൊമോഷണല്‍ ഇന്റര്‍വ്യൂകള്‍ നടന്നത് കുമാരി ഷൂട്ട് കഴിഞ്ഞ ഉടനെയുള്ള സമയത്തായിരുന്നു. ഭീഷ്മ പര്‍വത്തിന്റെ ഏതോ ഒരു ഇന്റര്‍വ്യൂവിന്റെ ലിങ്ക് അയച്ചുതന്നിട്ട് ആരോ ഒരാള്‍ എന്നോട് പറഞ്ഞു, ‘നോക്കിയേ, ഷൈന്‍ നമ്പൂതിരിമാര് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു, ഒരു പഴയ സ്ലാങ്ങൊക്കെ,’ എന്ന്.

‘എന്റെ ദൈവമേ, ഇങ്ങേര് ക്യാരക്ടറില്‍ നിന്ന് ഇറങ്ങിയിട്ടില്ലേ,’ എന്ന് ഞാന്‍ വിചാരിച്ചു, സത്യമായിട്ടും.

നിങ്ങള്‍ ക്യാരക്ടറീന്ന് ഇറങ്ങാതെയാണല്ലേ ആ സമയത്ത് ഇന്റര്‍വ്യൂവിന് പോയത്, എന്ന് ഞാന്‍ ഇന്ന് കണ്ടപ്പോഴും പുള്ളിയോട് പറഞ്ഞു. ഇപ്പോഴും അതിന്റെ എഫക്ടിലാണ് പുള്ളി.

ധ്രുവന്‍ എന്ന ക്യാരക്ടറിനെ ചെയ്തതും അതില്‍ പിടിച്ചിട്ടുള്ള സ്ലാങ്ങുമൊക്കെ ഇപ്പോഴും പുള്ളിയുടെ ഉള്ളില്‍നിന്ന് ഇടക്കിടക്ക് എസ്‌കേപായി പുറത്തുവരാറുണ്ട്. അത്രയും ഇഷ്ടപ്പെട്ടാണ് ഷൈന്‍ ഈ കഥാപാത്രം ചെയ്തത്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം, മിത്തിക്കല്‍ ഫാന്റസി ത്രില്ലര്‍ ജോണറിലൊരുക്കിയ ചിത്രത്തില്‍ തന്‍വി റാം, സ്വാസിക, സുരഭി ലക്ഷ്മി, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്യുന്ന കുമാരി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Aishwarya Lekshmi says shine tom chacko was speaking Namboothiri slang during Bheeshma Parva promotions

We use cookies to give you the best possible experience. Learn more