|

ഒറിജിനല്‍ ഐശ്വര്യ വന്നതോടെ ഞാന്‍ ഔട്ടായി; അവര്‍ തമ്മില്‍ സംസാരിച്ചിരിക്കുന്നത് കാണുമ്പോള്‍ ഞാന്‍ പൊസസീവാകും: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ശോഭിത ധൂലിപാല, നാസര്‍, പാര്‍ത്ഥിപന്‍, വിക്രം പ്രഭു, ശരത് കുമാര്‍, പ്രഭു, റഹ്മാന്‍, പ്രകാശ് രാജ് തുടങ്ങി വമ്പന്‍ താരനിരയെ അണിനിരത്തി മണി രത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.

മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജയറാം, ലാല്‍, ബാബു ആന്റണി, റിയാസ് ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണിരത്‌നവും ഐശ്വര്യ റായ്‌യും തമ്മില്‍ സംസാരിക്കുമ്പോള്‍ തനിക്ക് അസൂയയും പൊസസീവ്‌നെസും തോന്നിയിരുന്നെന്നും മണിരത്‌നം സാറിനെ തനിക്ക് അത്രക്ക് ഇഷ്ടമായിരുന്നെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി. ഒറിജിനല്‍ ഐശ്വര്യ വന്നപ്പോള്‍ ഞാന്‍ സെറ്റില്‍ നിന്നും ഔട്ടായ പോലെയായെന്നും തമാശരൂപേണ ഐശ്വര്യ ലക്ഷ്മി ഒരഭിമുഖത്തില്‍ പറഞ്ഞു.

”ഐശ്വര്യ റായ് മാം ഡയലോഗ്‌സ് എഴുതിവെക്കുന്ന വലിയൊരു നോട്ട്ബുക്കുണ്ട്. പാക്കപ്പിന് ശേഷം പോലും അവര് സെറ്റിലിരുന്ന് മണി സാറുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

തായ്‌ലാന്‍ഡില്‍ ഫസ്റ്റ് ഷെഡ്യൂള്‍ ഷൂട്ടിങ്ങ് നടന്ന സമയത്തൊക്കെ ഞാനും മണി സാറുമൊത്തിരുന്ന് സിനിമയെ പറ്റി ചര്‍ച്ച ചെയ്യുമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അദ്ദേഹത്തിന് ചുറ്റും തന്നെ എപ്പോഴും ഇരിക്കാന്‍ വേണ്ടി ശ്രമിക്കുമായിരുന്നു.

കാരണം ഞാന്‍ അദ്ദേഹത്തെ അത്രയും ഇഷ്ടപ്പെടുന്നുണ്ട്.

ഒരു ദിവസം അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ശിവ സാര്‍ എന്നോട് പറഞ്ഞു, ‘ഐശ്വര്യ റായ് മാം വരുന്നത് കാത്തിരുന്നോ. അത് കഴിഞ്ഞാ നീ മണിരത്‌നം സാറിന്റെ അടുത്തുനിന്ന് ഔട്ടാകും,’ എന്ന്.

‘എന്ത്, അതെന്താ അങ്ങനെ പറയുന്നത്,’ എന്ന് ഞാന്‍ ചോദിച്ചു. ‘മണിരത്‌നം സാറും ഐശ്വര്യ മാമും വളരെ നല്ല ഫ്രണ്ട്‌സാണ്. അവര്‍ക്ക് കുറേ കാലമായി പരസ്പരം അറിയാം,’ എന്ന് ശിവ സാര്‍ പറഞ്ഞു.

ഞാന്‍ അതിന് ശേഷം സെറ്റില്‍ വളരെ പൊസസീവ് ആയിരുന്നു. എനിക്ക് അത് പുറത്ത് കാണിക്കാനും പറ്റില്ലല്ലോ. അവര് തമ്മില്‍ സംസാരിക്കുന്ന സമയത്തൊക്കെ ഞാനൊരു ദേഷ്യ ഭാവത്തോടെ ഇങ്ങനെ നോക്കും (ചിരി).

ഒറിജിനല്‍ ഐശ്വര്യ വന്നപ്പോള്‍ ഞാന്‍ ഔട്ടായി,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi says she was posessive when Aishwarya Rai talked to Mani Ratnam in the set