| Thursday, 2nd January 2025, 8:56 pm

ആ സിനിമയുടെ സെറ്റില്‍ നിന്നാണ് എനിക്ക് ആങ്‌സൈറ്റി തുടങ്ങിയത്, ഞാന്‍ മെഡിസിന് പഠിച്ചതുപോലും വെറുതെയായി തോന്നി: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.

ആങ്‌സൈറ്റി ബാധിച്ച ഒരാളായിരുന്നു താനെന്നും ഇപ്പോള്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. യോഗയും മെഡിറ്റേഷനും ചെയ്തുകൊണ്ടാണ് താന്‍ അതിനെ ഓവര്‍കം ചെയ്യുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ആങ്‌സൈറ്റി ചെറുതായി പാനിക്കിലേക്ക് മാറിയപ്പോഴാണ് അത് തന്നെ വല്ലാതെ ബാധിച്ചതായി മനസിലായതെന്നും ഐശ്വര്യ പറഞ്ഞു.

തഗ് ലൈഫ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് തന്നെ ആങ്‌സൈറ്റി ബാധിച്ചുതുടങ്ങിയതെന്നും മണിരത്‌നം കമല്‍ ഹാസന്‍ എന്നിവരുടെ അടുത്തേക്ക് പോകാന്‍ പേടി തോന്നിയെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. തന്റെ വര്‍ക്കിനെയും അത് വല്ലാതെ ബാധിച്ചെന്നും എങ്ങനെ പുറത്തുകടക്കുമെന്ന് അറിയാതെ നിന്നെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

താന്‍ പഠിച്ച എം.ബി.ബി.എസ് പോലും ഉപയോഗമില്ലാതായി തോന്നിയെന്നും മെഡിസിന് പഠിക്കാന്‍ വേണ്ടി ചെലവാക്കിയ തുക വെറുതെയായെന്ന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അതില്‍ നിന്ന് പുറത്തുവന്നെന്നും കുറച്ച് സമയം അതിന് വേണ്ടിവന്നെന്നും ഐശ്വര്യ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ആങ്‌സൈറ്റി നന്നായി അഫക്ട് ചെയ്തയാളായിരുന്നു ഞാന്‍. അതിനെ ഓവര്‍കം ചെയ്തിട്ട് കുറച്ചേ ആയുള്ളൂ. യോഗയും മെഡിറ്റേഷനുമാണ് ഞാന്‍ അതിന് വേണ്ടി തെരഞ്ഞെടുത്തത്. ആങ്‌സൈറ്റി ചെറിയ പേടിയായിട്ടാണ് തുടങ്ങിയത്. പിന്നീട് അത് പാനിക്കായി മാറി. അപ്പോഴാണ് അതെന്നെ വല്ലാതെ അഫക്ട് ചെയ്‌തെന്ന് മനസിലായത്.

തഗ് ലൈഫിന്റെ സെറ്റില്‍ വെച്ചാണ് ആങ്‌സൈറ്റി എന്നെ ബാധിച്ചെന്ന് മനസിലായത്. കമല്‍ സാറിന്റെയടുത്തേക്കോ, മണി സാറിന്റെയടുത്തേക്കോ പോകാന്‍ തന്നെ പേടിയായിരുന്നു. എന്റെ വര്‍ക്കിനെയും അത് വല്ലാതെ ബാധിച്ചു. അഞ്ചാറ് വര്‍ഷം കഷ്ടപ്പെട്ട് പഠിച്ച എം.ബി.ബി.എസ് പോലും ഉപയോഗമില്ലെന്ന് തോന്നി. മെഡിസിന് പഠിക്കാന്‍ ചെലവായ പൈസ വെള്ളത്തിലായെന്ന് ഞാന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് ഞാന്‍ പുറത്തുവന്നു. ബാക്ക് ടു നോര്‍മലായി,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi says she got Anxiety from Thug Life movie set

We use cookies to give you the best possible experience. Learn more