| Saturday, 30th November 2024, 11:10 am

പത്ത് കിലോയോളം ഭാരം കൂട്ടി ഞാന്‍ ചെയ്ത സിനിമ; പരിശീലിച്ച പലതും ചെയ്യാന്‍ കഴിഞ്ഞില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു.

ഗാട്ടാ ഗുസ്തി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഗാട്ടാ ഗുസ്തി ആദ്യം വന്നപ്പോള്‍ താന്‍ ചെയ്താല്‍ ശരിയാകുമോ എന്ന് കരുതി വേണ്ടെന്ന് വെച്ചതാണെന്നും എന്നാല്‍ രണ്ടാമതും വന്നപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. ചിത്രത്തിനായി തയ്യാറാകാനുള്ള സമയം വളരെ കുറവായിരുന്നെന്നും അഞ്ച് മാസം കൊണ്ട് പത്ത് കിലോയോളം ഭാരം കൂട്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഗാട്ടാ ഗുസ്തി ചെയ്യുമ്പോള്‍ ആരോഗ്യപരമായി കുറെ ബുദ്ധിമുട്ടിയെന്നും ഗുസ്തി രംഗങ്ങള്‍ ചെയ്യുമ്പോള്‍ പരിക്കുകള്‍ പറ്റിയെന്നും ഐശ്വര്യ പറയുന്നു. ഗുസ്തി പരീശീലനം കഴിഞ്ഞ് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ കഴുത്തിന് പരിക്ക് പറ്റിയെന്നും അതുകൊണ്ട് പരിശീലിച്ച മൂവ്‌മെന്റുകള്‍ പലതും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘വരത്തന്‍, മായാനദി എന്നീ സിനിമകള്‍ കഴിഞ്ഞ ഉടന്‍ വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. അന്ന് ഇത് ചെയ്താല്‍ ശരിയാകില്ല എന്ന് കരുതി വിട്ടതാണ്. കഥ മോശമായത് കൊണ്ടല്ല അത്, ഞാന്‍ ചെയ്താല്‍ ശരിയാകില്ല എന്ന് ഓര്‍ത്തതുകൊണ്ടാണ് അന്ന് ചിത്രം ചെയ്യാതിരുന്നത്. രണ്ടാമതും ഈ കഥ കേട്ടപ്പോള്‍ എനിക്ക് തോന്നി ഇത് ചെയ്താല്‍ കുഴപ്പം ഇല്ലല്ലോയെന്ന്.

എനിക്ക് കഥാപാത്രത്തിനായി തയ്യാറാകാനുള്ള സമയം വളരെ കുറവായിരുന്നു. കീര്‍ത്തിയെ കണ്ടാല്‍ സ്‌ട്രോങ്ങ് ആണെന്ന് തോന്നണം. അതിനുവേണ്ടി ഞാന്‍ പത്ത് കിലോയോളം വണ്ണം കൂട്ടി. തടി വെക്കാന്‍ തന്നെ അഞ്ചു മാസത്തോളം എടുത്തു. ഒന്നര മാസത്തില്‍ ഷൂട്ട് തുടങ്ങുകയും ചെയ്യണമായിരുന്നു.

ആരോഗ്യപരമായി എനിക്ക് ആ സിനിമ നല്ല ബുദ്ധിമുട്ടായിരുന്നു. കുറെ പരിക്കുകള്‍ ഗാട്ടാ ഗുസ്തി ചെയ്യുന്ന സമയത്ത് ഉണ്ടായി. എവിടെ നിന്നാണ് പരിക്കുകള്‍ പറ്റുന്നത് എന്ന് പോലും അറിയാന്‍ പറ്റുന്നില്ലായിരുന്നു. ഗുസ്തിയെല്ലാം പരിശീലിച്ച് ആദ്യ ഷോട്ട് എടുക്കുന്ന സമയത്ത് എനിക്ക് കഴുത്തിന് പരിക്ക് പറ്റി. അതുകൊണ്ട് തന്നെ പരിശീലിച്ച മൂവ്‌മെന്റുകള്‍ പലതും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ഉള്ളത് വച്ച് ഷൂട്ട് ചെയ്ത് തീര്‍ക്കുകയായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi Says She Gained Weight For Her Character In Gatta Kusthi Movie

We use cookies to give you the best possible experience. Learn more