ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന കുമാരി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിര്‍മല്‍ സഹദേവാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഐശ്വര്യ അവതരിപ്പിക്കുന്ന കുമാരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ഷൈനിന്റെ കഥാപാത്രമെത്തുന്നത്. എന്നാല്‍ തുടക്കത്തില്‍ ഈ റോളിലേക്ക് നടന്‍ റോഷന്‍ മാത്യുവിനെയായിരുന്നു സെലക്ട് ചെയ്തിരുന്നതെന്ന് പറയുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ. പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം റോഷന്‍ പിന്മാറുകയും ഷൈന്‍ ചിത്രത്തിലേക്ക് എത്തുകയുമായിരുന്നെന്നും താരം പറയുന്നു. സ്വാസികയെ പൃഥ്വിരാജാണ് ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
”സ്വാസികയെ പൃഥ്വിരാജ് സാറാണ് ഈ സിനിമക്ക് വേണ്ടി റെക്കമെന്റ് ചെയ്യുന്നത്. ഒരു യൂഷ്വല്‍ കാസ്റ്റിങ് പോലെ വരരുത് എന്ന് ഞങ്ങള്‍ ആ സമയത്ത് ആലോചിച്ചിരുന്നു. കണ്ണുകൊണ്ട് കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന, നല്ല സ്ഫുടമായി മലയാളം പറയുന്ന ഒരു നല്ല ആര്‍ടിസ്റ്റ് വേണമായിരുന്നു ആ ക്യാരക്ടറിന്.
റോഷന്‍ മാത്യുവായിരുന്നു ആദ്യം ഷൈന്‍ ചെയ്ത റോള്‍ ചെയ്യാനിരുന്നത്. റോഷന് ലാസ്റ്റ് മിനിട്ടിലാണ് ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ വരുന്നത്. റോഷന്റെ ഡേറ്റിന്റെ കാര്യത്തില്‍ ഒരു രക്ഷയുമില്ല എന്ന് ഒരാഴ്ച മുമ്പാണ് ഞങ്ങള്‍ അറിയുന്നത്. ഇല്ലെങ്കില്‍ സിനിമ നീട്ടിവെക്കേണ്ടി വരും.
ഈ ഡേറ്റ് പ്രശ്‌നങ്ങള്‍ കൊണ്ട് തന്നെ ഞങ്ങള്‍ സെപ്റ്റംബറില്‍ ഷൂട്ട് ചെയ്യാനിരുന്നത് ഡിസംബറിലേക്ക് മാറ്റിവെച്ചിരുന്നു. എന്നിട്ടും ഡേറ്റ് പ്രശ്‌നങ്ങളായിരുന്നു.
എന്തോ ദൈവഭാഗ്യം പോലെയാണ് ഷൈന്‍ ആ സമയത്ത് ഡേറ്റ് അവെയ്‌ലബിളായി ഈ സിനിമയിലേക്ക് വരുന്നത്. കഥ കേട്ട ഉടനെ തന്നെ ഷൈന്‍ ഇത് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കുമാരിയുമായി അസോസിയേറ്റ് ചെയ്തത് ഒരു ആര്‍ടിസ്‌റ്റെന്ന നിലയില്‍ തനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നെന്നും അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നുണ്ട്.
”പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പ്രസന്റ്‌സ്’ എന്നാണ് ഈ സിനിമ വരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ കുമാരി എന്ന സിനിമയുമായി അസോസിയേറ്റ് ചെയ്യുമ്പോള്‍ ഒരു രീതിയിലും ആ പേരിന് കോട്ടം തട്ടരുത് എന്നുള്ളതായിരുന്നു ഞങ്ങളുടെ ചുമതല.
ആദ്യമായി എന്നോട് കഥ പറഞ്ഞ സമയത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇതില്‍ ഇന്‍വോള്‍വ്ഡാണ് എന്ന് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രസന്റ് ചെയ്യുന്നതാണോ പ്രൊഡ്യൂസറാണോ എന്നൊന്നും പറഞ്ഞിരുന്നില്ല, അതിലൊരു ക്ലാരിറ്റിയുണ്ടായിരുന്നില്ല.
അതുകൊണ്ട് ആരാണ് ചിത്രം നിര്‍മിക്കുന്നത്, എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. ‘ഞാനും ജിജുവും ജേക്‌സും എഡിറ്റര്‍ ശ്രീജിതും കൂടിയായിരിക്കും,’ എന്ന് നിര്‍മല്‍ പറഞ്ഞു. അപ്പൊപ്പിന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ സിനിമയില്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു.
അവര്‍ ഈ സിനിമയുമായി അസോസിയേറ്റഡായിരിക്കും പക്ഷെ അത് ഏത് ലെവലിലായിരിക്കും എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്ന് നിര്‍മല്‍ പറഞ്ഞു. അപ്പൊ ഞാനൊന്ന് സൈലന്റായി. അന്ന് ഞാന്‍ പുള്ളിയോട് (നിര്‍മല്‍) പറഞ്ഞ ഒരു കള്ളമാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സിനിമയുമായി അസോസിയേറ്റഡല്ലെങ്കില്‍ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ, എന്ന് നിര്‍മല്‍ എന്നോട് ചോദിച്ചു. ഇല്ല നിര്‍മല്‍, ഇറ്റ്‌സ് ഓക്കെ, അതൊന്നും മാറില്ല, ഞാന്‍ ഒന്നുകൂടെ സ്‌ക്രിപ്റ്റ് വായിച്ച് നിങ്ങളുമായി ബന്ധപ്പെടാം, എന്ന് ഞാന്‍ പറഞ്ഞു.
പക്ഷെ അന്ന് ഞാനീ പറഞ്ഞത് വലിയൊരു കള്ളമാണ്. കാരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേര് ഈ സിനിമയുമായി അസോസിയേറ്റ് ചെയ്യുന്നത് ഒരു ആര്‍ടിസ്‌റ്റെന്ന നിലയില്‍ എനിക്ക് വളരെ പ്രധാനമായിരുന്നു. കാരണം അങ്ങനെ സംഭവിച്ചാല്‍ ഈ സബ്ജക്ടിന് ഓഡിയന്‍സും ഒരു വില തരും. പൃഥ്വിരാജ് എന്ന പേരിന് അവര്‍ നല്‍കുന്ന ബഹുമാനം കുമാരിയിലേക്കും വരും. ആ കഥയില്‍ ഒന്നുകൂടെ വിശ്വാസം വരികയും തിയേറ്ററിലേക്ക് ആളെത്തുകയും ചെയ്യും,” ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
Content Highlight: Aishwarya Lekshmi says actor Roshan Mathew was selected at first for the role played by Shine Tom Chacko