Advertisement
Entertainment
നല്ല സ്‌ക്രിപ്റ്റുകള്‍ കിട്ടിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധായകനാണ് അയാള്‍: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 01, 04:40 pm
Sunday, 1st December 2024, 10:10 pm

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുമാരി. മിസ്റ്ററി ഹൊറര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രം നിരൂപകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. നിര്‍മല്‍ സഹദേവിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു കുമാരി. ആദ്യ ചിത്രമായ രണം: ഡിറ്റ്രോയിറ്റ് ക്രോസിങ്ങും ബോക്‌സ് ഓഫീസില്‍ ശോഭിക്കാതെ പോയിരുന്നു. രണ്ട് ചിത്രങ്ങളുടെയും മേക്കിങ്ങിനെ പലരും അഭിനന്ദിച്ചിരുന്നു.

നിര്‍മല്‍ സഹദേവിനെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താന്‍ ഇപ്പോഴും നിര്‍മലുമായി കോണ്‍ടാക്ട് ഉണ്ടെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ നിര്‍മലുമായി സംസാരിച്ചെന്നും രണ്ട് സിനിമകളും സാമ്പത്തികമായി വിജയിക്കാത്തതില്‍ അയാള്‍ സങ്കടത്തിലായിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. കുമാരിയിലെ ശിലകള്‍ എന്ന പാട്ടിനെപ്പറ്റി താന്‍ സംസാരിച്ചെന്നും ആ പാട്ടിന്റെ മേക്കിങ് അടിപൊളിയാണെന്ന് താന്‍ നിര്‍മലിനോട് പറഞ്ഞെന്നും ഐശ്വര്യ പറഞ്ഞു.

മേക്കിങ്ങില്‍ പുലിയാണെന്നും അത് പലരും ഇനി പറയുമെന്ന് താന്‍ നിര്‍മിലിനോട് പറഞ്ഞെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധായകനാണ് നിര്‍മലെന്ന് ഐശ്വര്യ പറഞ്ഞു. അയാളുടെ കൂടെ ഒരു സിനിമ കൂടി ചെയ്യണമെന്നും അധികം വൈകാതെ അത് നടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘കുമാരിയുടെ സെറ്റ് മറക്കാന്‍ പറ്റാത്ത അനുഭവമാണ്. ആ സെറ്റിലെ എല്ലാവരുമായും പെട്ടെന്ന് ബോണ്ടിങ്ങായി. അതില്‍ തന്നെ എടുത്ത് പറയേണ്ടത് നിര്‍മലിനെക്കുറിച്ചാണ്. അവനുമായി ഞാന്‍ ഇപ്പോഴും കോണ്‍ടാക്ടുണ്ട്. കഴിഞ്ഞ ദിവസം അവനെ വിളിച്ചപ്പോള്‍ കുമാരിയിലെ ‘ശിലകള്‍’ എന്ന പാട്ടിനെക്കുറിച്ചാണ് സംസാരിച്ചത്. അവന്‍ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു.

കാരണം, കുമാരിയായാലും അതിന് മുന്നേ വന്ന രണമായാലും സാമ്പത്തികമായി വലിയ വിജയമായില്ല. പക്ഷേ ആ സിനിമകളുടെ മേക്കിങ്ങിനെപ്പറ്റി എല്ലാവരും നല്ലത് മാത്രമാണ് പറയുന്നത്. ‘നീയൊരു നല്ല മേക്കറാണ്’ എന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ അവന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഒരു പടം കൂടി നിര്‍മലിന്റെയൊപ്പം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi says about Nirmal Sahadev and Kumari movie