പുതിയതായി ഇറങ്ങുന്ന സിനിമകളെല്ലാം കാണുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് പറയുകയാണ് യുവനടി ഐശ്വര്യ ലക്ഷ്മി. അടുത്ത സുഹൃത്തുക്കളുമായാണ് മിക്കപ്പോഴും സിനിമ കണ്ട് കഴിഞ്ഞ് ചര്‍ച്ച ചെയ്യാറുള്ളതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു.
‘എന്റെ സൗഹൃദവലയങ്ങളില്‍ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. സിനിമയുടെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ പൊരിഞ്ഞ തല്ലുണ്ടാവാറുണ്ട്. ഒരു സിനിമയുടെ വിനോദമൂല്യത്തെക്കുറിച്ചായിരുന്നു ഒടുവിലത്തെ തല്ല്.
എണ്‍പതുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്ന പോലത്തെ സിനിമകള്‍ ഇപ്പോള്‍ വരാത്തത് എന്താണെന്ന് ഞങ്ങള്‍ ഇടക്ക് ആലോചിക്കാറുണ്ട്. പ്രിയദര്‍ശന്‍, ഫാസില്‍, സിബി മലയില്‍ എന്നിവര്‍ ചെയ്ത പടങ്ങളെല്ലാം ഞാന്‍ വീണ്ടും വീണ്ടും കാണുന്നവയാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
മണിച്ചിത്രത്താഴ് കാണുമ്പോള്‍ ഇപ്പോഴും പേടിക്കുകയും ചന്ദ്രലേഖ കാണുമ്പോള്‍ ഇപ്പോഴും ചിരിയടക്കാന്‍ പറ്റാതെയും വരുന്ന വ്യക്തിയാണ് താനെന്നും നടി പറയുന്നു. അങ്ങനത്തെ സിനിമകള്‍ വീണ്ടും വരണം. ഇല്ലെങ്കില്‍ പ്രേക്ഷകര്‍ വേറെ വഴിക്ക് പോവും. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്, ഐശ്വര്യ പറഞ്ഞു.