പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന കുമാരിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രെയ്‌ലറിലെ ഒരു ഡയലോഗ് ഇതിന് പിന്നാലെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
‘ആചാരങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടി അവര്‍ എന്ത് ചെയ്യും. ഒരു അമ്മയുടെ വേദനയൊന്നും അവര്‍ കണ്ടുവെന്ന് വരില്ല,’ എന്നായിരുന്നു ഈ ഡയലോഗ്. സ്വാസികയുടെ കഥാപാത്രമാണ് ട്രെയ്‌ലറില്‍ ഈ വാക്കുകള്‍ പറയുന്നത്.
ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കഥകളുടെയും ലോകത്തിലൂടെയായിരിക്കും കുമാരിയുടെ കഥ പറച്ചിലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ച ഒരു ചോദ്യം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുമാരി ടീമിനോട് ചോദിച്ചിരുന്നു.
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരും അതിനെ എതിര്‍ക്കുന്നവരും ഇന്നുണ്ടല്ലോയെന്നും, നരബലിയടക്കമുള്ള പലതും നടക്കുന്ന സാഹചര്യത്തില്‍ ഇതില്‍ ഏത് വിഭാഗത്തിനൊപ്പമാണ് കുമാരി നില്‍ക്കുന്നതെന്നായിരുന്നു ചോദ്യം.
കുമാരി എന്ന സിനിമയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മറ്റ് വിഷയങ്ങളെ കുറിച്ച ഇപ്പോള്‍ സംസാരിക്കേണ്ടതില്ലെന്നുമാണ് ഇതിന് മറുപടിയായി ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.
‘സിനിമയില്‍ കാണിക്കുന്ന കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ ഫിക്ഷണലൈസ് ചെയ്താണ് കുമാരി എന്ന സിനിമ എടുത്തിരിക്കുന്നത്. സാങ്കല്‍പ്പികമായി നടക്കുന്ന കുറച്ച് കാര്യങ്ങളാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ സിനിമയെ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ, മറ്റേതെങ്കിലും വിഷയത്തിലേക്ക് ഇതിനെ കൊണ്ടുപോകണമെന്ന് ഞങ്ങള്‍ക്കില്ല.
ഈ സിനിമയുടെ കാര്യങ്ങള്‍ മാത്രം സംസാരിച്ച് ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങളുടെ ആഗ്രഹം. വളരെ സ്വാര്‍ത്ഥമായ ആഗ്രഹമാണ് ഇതെന്ന് അറിയാം. പക്ഷെ അങ്ങനെ തന്നെ ഈ ചര്‍ച്ച നടക്കണമെന്നാണ് ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഒരു ഫാന്റസി എന്ന നിലയില്‍ മാത്രമാണ് കുമാരിയെ സമീപിച്ചിട്ടുള്ളതെന്നും മെസേജ് നല്‍കുക എന്ന ലക്ഷ്യം സിനിമക്കില്ലെന്നും ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലെത്തുന്ന നടന്‍ ജിജു ജോണും പറഞ്ഞു. കഥാപാത്രങ്ങളുടെ വിശ്വാസങ്ങളും അവരുടെ ജീവിതപശ്ചാത്തലവും സിനിമയില്‍ കടന്നുവരുന്നു എന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി രാം, സ്ഫടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരും എത്തുന്നുണ്ട്.
Content Highlight: Aishwarya Lekshmi responds to a question regarding how Kumari movie is approaching beliefs