| Friday, 22nd November 2024, 3:15 pm

ആ സിനിമയുടെ അവസാന അഞ്ച് മിനിറ്റില്‍ ആസിഫിന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് എന്റെ ഹൃദയം പൊടിഞ്ഞു പോയി: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.

മലയാളത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ പെര്‍ഫോമന്‍സുകളെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ആസിഫ് അലി നായകനായി 2019ല്‍ റിലീസായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ പെര്‍ഫോമന്‍സാണ് അത്തരത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയവയില്‍ മുന്‍പന്തിയിലെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ആ സിനിമയുടെ അവസാന അഞ്ച് മിനിറ്റില്‍ ആസിഫിന്റെ പെര്‍ഫോമന്‍സ് കണ്ട് തന്റെ ഹൃദയം പൊടിഞ്ഞുപോയെന്നും താന്‍ ഇല്ലാതായി പോയെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

നല്ല രസമായിട്ടാണ് ആസിഫ് ആ സീന്‍ ചെയ്ത വെച്ചതെന്നും അത് കണ്ട് താന്‍ ആസിഫിനെ വിളിച്ച് സംസാരിച്ചിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അത്തരമൊരു സീനില്‍ ഒരുതരം ടെന്‍ഡര്‍നെസ്സാണ് ആസിഫ് കൊണ്ടുവന്നതെന്നും സാധാരണ ആളുകള്‍ സിമ്പിളായി കൊണ്ടുപോകുന്നതുപോലെയല്ലായിരുന്നെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. തനിക്ക് ആ സീന്‍ വല്ലാതെ ഇഷ്ടമായെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ആസിഫിന്റെ പെര്‍ഫോമന്‍സ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഒരു സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആ സിനിമയുടെ അവസാന അഞ്ച് മിനിറ്റില്‍ ആസിഫിന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് ഹൃദയം പൊടിഞ്ഞുപോകുന്ന അവസ്ഥയിലായി. എന്താ പറയുക, ഞാന്‍ അങ്ങ് ഇല്ലാണ്ടായതുപോലെയായി. നല്ല രസമായിട്ടാണ് ആസിഫ് ആ സീന്‍ ചെയ്ത് വെച്ചത്.

സിനിമ കണ്ടതിന് ശേഷം ഞാന്‍ ആസിഫിനെ വിളിച്ച് പറയുകയും ചെയ്തു. അങ്ങനെയൊരു സീനില്‍ പുള്ളി ഒരു ടെന്‍ഡര്‍നെസ്സാണ് കൊണ്ടുവന്നത്. സാധാരണ ആളുകളൊക്കെ സിമ്പിളായി ചെയ്തുപോകുന്ന സംഭവം ആസിഫ് വേറൊരു രീതിയിലാണ് പ്രസന്റ് ചെയ്തത്. എന്താണെന്നറിയില്ല, ആ സീന്‍ എനിക്ക് വളരെയധികം ഇഷ്ടമായി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi priases Asif Ali’s performance in Kettyolanu Ente Malakha movie

We use cookies to give you the best possible experience. Learn more