| Sunday, 1st December 2024, 3:17 pm

സിനിമാ നിര്‍മാണത്തിന്റെ എ.ബി.സി.ഡി അറിയാതെയാണ് ഞാന്‍ ആ പടം പ്രൊഡ്യൂസ് ചെയ്യാന്‍ ഇറങ്ങിയത്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത് 2022ല്‍ റിലീസായ ചിത്രമായിരുന്നു കുമാരി. മിസ്റ്ററി ഹൊറര്‍ ഴോണറില്‍ അണിയിച്ചൊരുക്കിയ ചിത്രം നിരൂപകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവിന്റെ റോളിലും ഐശ്വര്യ ലക്ഷ്മി എത്തിയിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മാണത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി.

ആ സിനിമയുടെ സെറ്റിലെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ തന്നെ അതിന്റെ ക്രൂവിനോട് വല്ലാത്ത ബോണ്ടിങ് ഉണ്ടായെന്നും എന്നാല്‍ ഒരുഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ട് നിന്നുപോകുമെന്ന സാഹചര്യം ഉണ്ടായെന്നും ഐശ്വര്യ പറഞ്ഞു. അത്രയും നല്ല സിനിമ മുടങ്ങരുതെന്ന ഉദ്ദേശത്തിലാണ് താന്‍ ആ സിനിമയുടെ നിര്‍മാണ പങ്കാളിയായതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

പ്രൊഡ്യൂസിങ്ങിന്റെ എ.ബി.സി.ഡി പോലും അറിയാതെയാണ് കുറച്ചധികം പൈസ ആ സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്തതെന്നും പലരും ആ സമയത്ത് തന്നെ ഉപദേശിച്ചിരുന്നെന്നും ഐശ്വര്യ പറഞ്ഞു. നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധായകനാണ് നിര്‍മല്‍ എന്നും അയാളുടെ കൂടെ ഒരിക്കല്‍ കൂടി വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘കുമാരിയുടെ പ്രൊഡ്യൂസറാകണമെന്ന് എനിക്ക് ഒരു പ്ലാനും ഉണ്ടായിരുന്നില്ല. ആ പടത്തിന്റെ സെറ്റിലെത്തി കുറച്ച് ദിവസം കൊണ്ടുതന്നെ അതിന്റെ ക്രൂവിനോട് വല്ലാത്ത ബോണ്ടിങ് തോന്നി. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അങ്ങനെ തോന്നിയിട്ടുള്ളൂ. പക്ഷേ ഒരു ഘട്ടത്തില്‍ ആ സിനിമ നിന്നുപോകും എന്ന സ്ഥിതി വന്നു.

അത്രയും നല്ലൊരു സിനിമ മുടങ്ങരുതെന്ന ചിന്തയിലാണ് ഞാന്‍ ആ പടം പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചത്. കുറച്ച് പൈസയിടാം എന്ന ചിന്തയായിരുന്നു ആദ്യം. പക്ഷേ അത് കുറച്ച് കുറച്ചായി വലിയൊരു എമൗണ്ട് ഞാന്‍ അതില്‍ ഇന്‍വെസ്റ്റ് ചെയ്തു. ആ സമയത്ത് ഞാന്‍ നാല് പടമെങ്ങാണ്ട് അടുപ്പിച്ച് ചെയ്യുകയായിരുന്നു. അതുകൊണ്ട് വലിയ ടെന്‍ഷനുണ്ടായിരുന്നില്ല.

നിര്‍മാണത്തിന്റെ എ.ബി.സി.ഡി അറിയാതെയാണ് ഞാന്‍ അതിന് ഇറങ്ങിയത്. ‘ഇത്രയും പൈസ ഒരു പടത്തിന് ഇടണോ’ എന്ന് പലരും അന്ന് ഉപദേശിച്ചിരുന്നു. പക്ഷേ വലിയ നഷ്ടം എനിക്കുണ്ടായില്ല. നിര്‍മല്‍ എന്ന ഡയറക്ടറെ കണ്ടാണ് ഞാന്‍ അതിന് ഇറങ്ങിയത്. നല്ല സ്‌ക്രിപ്റ്റ് കിട്ടിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിയുമെന്ന് എനിക്കുറപ്പാണ്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi explains why she decided to plan Kumari movie

We use cookies to give you the best possible experience. Learn more