| Saturday, 14th December 2024, 10:54 am

സായ് പല്ലവിയുടെ ആ സിനിമ രണ്ട് വര്‍ഷത്തോളം ഷൂട്ട് നിന്ന് പോയപ്പോള്‍ കൈയിലുണ്ടായിരുന്ന പൈസ ഞാന്‍ അവര്‍ക്ക് കൊടുത്തു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സാന്നിധ്യമറിയിക്കാന്‍ ഐശ്വര്യക്ക് സാധിച്ചു. മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയില്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനും ഐശ്വര്യക്ക് സാധിച്ചു.

സായ് പല്ലവിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാര്‍ഗി. 2022ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു. ചിത്രം നിര്‍മിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വളരെ നല്ലൊരു കഥയും അതിലുപരി മികച്ചൊരു ക്രൂവുമായിരുന്നു ഗാര്‍ഗിയുടേതെന്ന് ഐശ്വര്യ പറഞ്ഞു.

എന്നാല്‍ രണ്ട് വര്‍ഷത്തോളം ആ സിനിമയുടെ ഷൂട്ട് നിന്നുപോയെന്നും പല ആര്‍ട്ടിസ്റ്റുകളും അതിന്റെ നിര്‍മാതാവും പിന്മാറിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. താന്‍ ഒരുപാട് ബഹുമാനിക്കുന്ന നടിയാണ് സായ് പല്ലവിയെന്നും തന്റെ സുഹൃത്താണ് ഗൗതമെന്നും ഐശ്വര്യ പറഞ്ഞു. അത്രയും നല്ല ക്രൂവും സബ്ജക്ടുമുള്ള സിനിമ മുടങ്ങരുതെന്ന ചിന്തയിലാണ് അന്ന് തന്റെ കൈയിലുണ്ടായിരുന്ന പൈസ അവര്‍ക്ക് കൊടുത്തതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ആ സമയത്ത് ഞാന്‍ കണ്ട ഏറ്റവും നല്ല ക്രൂവും അതിനെക്കാളുപരി നല്ലൊരു സബ്ജക്ടുമായിരുന്നു ഗാര്‍ഗിയുടേത്. പക്ഷേ ഒരു സ്റ്റേജ് എത്തിയപ്പോള്‍ അതില്‍ അഭിനയിക്കാനിരുന്ന ആര്‍ട്ടിസ്റ്റുകളും അതിന്റെ പ്രൊഡ്യൂസറും പിന്മാറിയിരുന്നു. രണ്ട് വര്‍ഷത്തോളം ആ സിനിമയുടെ ഷൂട്ട് മുടങ്ങി. അത്രയും നല്ലൊരു സിനിമ എങ്ങുമെത്താതെ പോകരുതെന്നായിരുന്നു ആ സമയത്ത് എന്റെ ചിന്ത.

ഞാന്‍ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്ന ആര്‍ട്ടിസ്റ്റാണ് സായ് പല്ലവി. അതുപോലെ ഗൗതം എന്റെ നല്ലൊരു സുഹൃത്താണ്. അപ്പോള്‍ അത്രയും നല്ലൊരു ക്രൂവും സബ്ജക്ടും ഉള്ള സിനിമ മുടങ്ങരുതെന്ന് എന്ന ചിന്തയില്‍ എന്റെ കൈയിലുണ്ടായിരുന്ന പൈസ അവര്‍ക്ക് കൊടുത്തു. തത്കാലം വേറെ എവിടെ നിന്നും റോള്‍ ചെയ്യണ്ട, ഇതുകൊണ്ട് സിനിമ തീര്‍ക്കെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആ സിനിമ ആളുകളിലേക്കെത്തണമെന്ന് മാത്രമേ ആ സമയം മനസില്‍ ഉണ്ടായിരുന്നുള്ളൂ,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi explains why she became the producer of Gargi movie

We use cookies to give you the best possible experience. Learn more