പുരുഷതാരങ്ങള്‍ക്ക് വേണ്ടി സ്‌ക്രിപ്‌റ്റെഴുതി, അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോള്‍ അത് സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിയെഴുതുന്നവരുണ്ട്: ഐശ്വര്യലക്ഷ്മി
Entertainment news
പുരുഷതാരങ്ങള്‍ക്ക് വേണ്ടി സ്‌ക്രിപ്‌റ്റെഴുതി, അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോള്‍ അത് സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിയെഴുതുന്നവരുണ്ട്: ഐശ്വര്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th February 2022, 3:44 pm

മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃതമായി വരുന്ന സിനിമകളെക്കുറിച്ചും സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും മനസുതുറന്ന് പ്രിയനായിക ഐശ്വര്യ ലക്ഷ്മി.

പുരഷതാരങ്ങള്‍ക്ക് വേണ്ടി സ്‌ക്രിപ്‌റ്റെഴുതിയിട്ട് അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോള്‍ അത് സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിയെഴുതുന്നവരെ താന്‍ കണ്ടിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

റിലീസിനൊരുങ്ങുന്ന ഐശ്വര്യയുടെ ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന സിനിമയെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”മലയാളത്തില്‍ സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വളരെ കുറവാണെന്നാണ് ഞാന്‍ കരുതുന്നത്. പുരുഷതാരങ്ങളെ മനസില്‍ക്കണ്ട് എഴുതിയിട്ട് അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോള്‍ അത് സ്ത്രീക്ക് വേണ്ടി മാറ്റിയെഴുതുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

എന്നാല്‍ അര്‍ച്ചന 31 നോട്ടൗട്ട് അത്തരത്തിലുള്ള ഒരു സിനിമയല്ലെന്നും ഐശ്വര്യ പറയുന്നു.

”അര്‍ച്ചന എന്ന കഥാപാത്രവും ഈ സിനിമയും സ്ത്രീയെ കണ്ടുതന്നെ എഴുതിയതാണ്. ശക്തമായ സ്ത്രീ കഥാപാത്രമാണ് അര്‍ച്ചന എന്ന ഉത്തമബോധ്യത്തോടെയാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചത്,” ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

മോഡലിങ്ങിലൂടെ തുടങ്ങി, നിവിന്‍ പോളി ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യിലൂടെയാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്.

കാണെക്കാണെയാണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. ധനുഷ് നായകനായ ജഗമേ തന്തിരവും ഈയിടെ പുറത്തിറങ്ങിയിരുന്നു.


Content Highlight: Aishwarya Lekshmi about women centric movies