| Friday, 4th November 2022, 8:23 am

ആ സിനിമക്ക് വളരെ ചെറിയ തുകയാണ് കൊടുത്തത്, കുമാരി അങ്ങനെയല്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തില്‍ തിളങ്ങി നിന്നതിന് ശേഷം ഇപ്പോള്‍ നിര്‍മാണമേഖലയിലേക്കും ചുവടുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സായ് പല്ലവി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാര്‍ഗിയായിരുന്നു ഐശ്വര്യ നിര്‍മാണത്തില്‍ പങ്കാളിയായ ആദ്യ ചിത്രം.

ഇപ്പോള്‍ നടി തന്നെ പ്രധാന വേഷത്തിലെത്തുന്ന കുമാരിയുടെ നിര്‍മാണത്തിലും ഐശ്വര്യ പങ്കാളിയായിട്ടുണ്ട്. അഭിനേത്രി എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും കുമാരിയുടെ പ്രൊമോഷനുകളുമായി സജീവമാണ് താരം.

സിനിമയുടെ റിലീസിന് മുമ്പേ വിവിധ പരിപാടികളും അഭിമുഖങ്ങളുമായി മികച്ച പ്രൊമോഷനായിരുന്നു കുമാരിക്ക് വേണ്ടി നടന്നത്. മലയാളത്തിലിപ്പോള്‍ ഇറങ്ങുന്ന മിക്ക ചിത്രങ്ങള്‍ക്കും ഇത്തരത്തില്‍ വലിയ പ്രൊമോഷന്‍ തന്നെ നടക്കുന്നുണ്ട്.

എന്നാല്‍ ഒക്ടോബര്‍ 28ന് റിലീസിന് ശേഷവും കുമാരിയുടെ പ്രൊമോഷന്‍ തുടരുന്നുണ്ട്. ഇതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് കുമാരി ടീം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുമാരിയുടെ തുടരുന്ന പ്രൊമോഷനെ കുറിച്ച് നടി സംസാരിച്ചത്.

‘ഞാനും ഷൈനും ഒരേ ഗ്രേഡിലുള്ള ആക്ടേഴ്‌സാണ്. തിയേറ്ററിലേക്ക് 50 കോടി കൊണ്ടുവരാനുള്ള കെല്‍പ്പൊന്നുമുള്ളവരല്ല. ഒരു കുഞ്ഞു സിനിമയായത് കൊണ്ട് കുമാരിക്ക് അത്രയും പ്രൊമോഷന്‍ ആവശ്യമാണ്.

നമ്മള്‍ അഭിനയിച്ചാല്‍ മാത്രം പോര, കഥയെടുത്താല്‍ മാത്രം പോര, സംവിധാനവും ഉറക്കമില്ലാത്ത പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം കഴിഞ്ഞ് തിയേറ്ററിലെത്തിച്ചാല്‍ മാത്രം പോര, നമ്മള്‍ തന്നെ നടന്ന് സിനിമ ഓരോരുത്തരിലേക്ക് എത്തിക്കുകയും വേണം. അതിനാണ് ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ ചെറിയ പിന്തുണ പോലും അത്ര വിലപ്പെട്ടതാണ്. ഗാര്‍ഗിയിലും കുമാരിയിലും ഞാന്‍ കോ പ്രൊഡക്ഷനിലാണ്. സിനിമയുടെ മുഴുവന്‍ റിസ്‌കും എന്റെ മേലല്ലായിരുന്നു.

രണ്ട് സിനിമയും എന്റെ വളരെ അടുത്ത സുഹൃത്തുക്കളോടൊപ്പമാണ് ചെയ്തത്. അവര്‍ രണ്ട് പേരും ബ്രില്യന്റ് ഫിലിം മേക്കേഴ്‌സാണ്.

ഗാര്‍ഗിയില്‍ സായ് പല്ലവിയുണ്ടായിരുന്നതുകൊണ്ട് റിസ്‌ക് കുറവായിരുന്നു. തെലുങ്കിലും തമിഴിലും കന്നടയിലും മലയാളത്തിലുമൊക്കെ മാര്‍ക്കറ്റുള്ള നടിയാണ്.

ആ സിനിമക്ക് വേണ്ടി വളരെ കുറച്ച് പണമേ നല്‍കിയിട്ടുള്ളു. അത് എനിക്ക് വലുതായിരുന്നെങ്കിലും സിനിമയെ സംബന്ധിച്ചിടത്തോളം അത് വളരെ ചെറിയ തുകയായിരുന്നു.

എന്നാല്‍ കുമാരി അങ്ങനെയല്ല. അതുകൊണ്ട് തന്നെയാണ് ഇടക്കിടക്ക് വന്ന് സിനിമ കാണണമെന്ന് പറയുന്നത്(ചിരിയോടെ),’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം സമ്മിശ്രപ്രതികരണം നേടിയാണ് കുമാരി തിയേറ്ററുകളില്‍ മുന്നേറുന്നത്. മിത്തും വിശ്വാസങ്ങളും സാമൂഹ്യപ്രശ്നങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന ഫാന്റസി മോഡിലുള്ള ചിത്രമായാണ് കുമാരിയെ സംവിധായകന്‍ നിര്‍മല്‍ സഹദേവ് ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിക്കൊപ്പം സ്വാസിക, സുരഭി ലക്ഷ്മി, തന്‍വി റാം, സ്ഫടികം ജോര്‍ജ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Aishwarya Lekshmi about the Kumari promotion programs

We use cookies to give you the best possible experience. Learn more