| Thursday, 3rd November 2022, 8:25 am

വലിയ കാരവാന്‍ വേണമെന്നില്ല, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് വരെ റൂം ഒഴിഞ്ഞുകൊടുക്കും; ഷൈന്‍ ചോദിക്കുന്നത് ഒരു കാര്യം മാത്രം: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുമാരി സിനിമക്ക് വേണ്ടി ഷൈന്‍ ടോം ചാക്കോയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി കുമാരി എത്തിയപ്പോള്‍ ധ്രുവന്‍ എന്ന പ്രധാന വേഷത്തിലായിരുന്നു ഷൈന്‍ എത്തിയിരുന്നത്.

താന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ അടിയുണ്ടാക്കിയിട്ടുള്ള ഒരേ ഒരു കോ-ആക്ടര്‍ ഷൈന്‍ ആണെന്നാണ് ഐശ്വര്യ പറയുന്നു. അതേസമയം തനിക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണെന്നും വീണ്ടും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ബിഹെെന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

‘ഷൈന്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ള മനുഷ്യന്മാരില്‍ നിന്നൊക്കെ ഡിഫറന്റാണ്. കോ-ആക്ടേഴ്‌സുമായി ഞാന്‍ ഇതുവരെ അടിയുണ്ടാക്കിയിട്ടില്ല.

സെറ്റില്‍ വരുന്നു, കാണുന്നു, 30-40 ദിവസം വര്‍ക്ക് ചെയ്യുന്നു പോകുന്നു. എല്ലാവരും വീണ്ടും ഫോണ്‍ വിളിച്ച് സംസാരിക്കുന്ന രീതിയില്‍ ഫ്രണ്ട്‌സ് ആവണമെന്നില്ല. ചിലപ്പോ ഫ്രണ്ട്‌സായിരിക്കും, ചിലപ്പോ ആകില്ല.

ഷൈന്റെ കാര്യം അങ്ങനെയല്ല. ഞാന്‍ ഷൈനോട് അടിയുണ്ടാക്കിയിട്ടുണ്ട്. ഒച്ചത്തില്‍ സംസാരിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയ അടുത്ത നിമിഷം സ്‌നേഹിച്ച് അഭിനയിച്ചിട്ടുണ്ട്.

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഷൈന് ഇത് വേറെ രീതിയില്‍ പെര്‍ഫോം ചെയ്യാനായിരുന്നു താല്‍പര്യം. പക്ഷെ അതില്‍ സി.ജി. ഇന്‍വോള്‍വ്ഡാണ്. സി.ജി പ്ലേറ്റ്‌സ് എടുക്കാനുണ്ട്. പക്ഷെ ഷൈനാണെങ്കില്‍ സി.ജി. എന്നതില്‍ വിശ്വസിക്കുന്നേയില്ല എന്ന് തോന്നുന്നു. സി.ജിയാണോ സിനിമ എന്നൊക്കെ ചോദിച്ച് അവിടെ നില്‍ക്കുകയാണ്.

അവസാനത്തെ സീനൊക്കെ ഉണ്ടല്ലോ, അത് ഞാന്‍ എന്റെ ഉള്ളിലെ എല്ലാ ഇമോഷനും എടുത്ത് ചെയ്തതാ. ‘മിണ്ടരുത്’ എന്ന് പറഞ്ഞ ഡയലോഗൊക്കെ.

പക്ഷെ, എന്റെ ഫേവറിറ്റ് കോ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഷൈന്‍. ഷൈന്റെ കൂടെ വീണ്ടും വീണ്ടും വര്‍ക്ക് ചെയ്യണമെന്നുണ്ട്. പിന്നെ അദ്ദേഹം അമേസിങ് ആര്‍ട്ടിസ്റ്റാണ്.

സെറ്റിലേക്ക് വന്നാല്‍ ഷൈന് മറ്റൊന്നും ആവശ്യമില്ല. ക്യാമറക്ക് മുന്നില്‍ വന്ന് നിന്ന് അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളു. അല്ലാതെ എനിക്ക് ഇങ്ങനത്തെ കാരവാന്‍ വേണം, ആരും എന്നെ ശല്യപ്പെടുത്താന്‍ പാടില്ല എന്നൊന്നുമില്ല.

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വരുന്ന സമയത്ത് അവര്‍ക്ക് ഡ്രസ് മാറാന്‍ സ്ഥലം തികഞ്ഞില്ലെങ്കില്‍ ഷൈന്‍ ഇരിക്കുന്ന റൂം മാറി കൊടുക്കും. അവിടെയായിരുന്നു നല്ല ബാത്ത് റൂം ഉള്ളത്, അത് ഉപയോഗിച്ചോളാന്‍ പറയും.

ഇതൊക്കെ വേണമെങ്കില്‍ ഷൈന് ചെയ്യാതിരിക്കാം. എന്റെ പേഴ്‌സണല്‍ സ്‌പേസാണ്, ആക്ടിങ് മൂഡിലാണ് എന്നൊക്കെ പറയാം. പക്ഷെ അങ്ങനെ ഒരു പ്രശ്‌നവുമില്ല,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi about Shine Tom Chacko

Latest Stories

We use cookies to give you the best possible experience. Learn more