ജയ ജയ ജയ ജയ ഹേ അല്ല ഗാട്ട ഗുസ്തി: ഐശ്വര്യ ലക്ഷ്മി
Film News
ജയ ജയ ജയ ജയ ഹേ അല്ല ഗാട്ട ഗുസ്തി: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th November 2022, 11:54 pm

തന്റെ പുതിയ ചിത്രമായ ഗാട്ടാ ഗുസ്തി ജയ ജയ ജയ ജയഹേ അല്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങളാണെങ്കിലും കഥയില്‍ വ്യത്യാസമുണ്ടെന്നും ഗാട്ടാ ഗുസ്തിയുടെ പ്രസ് മീറ്റില്‍ വെച്ച് ഐശ്വര്യ പറഞ്ഞു.

‘ഒരു ഫണ്‍ ഫില്‍ട്ട് ഫാമിലി എന്റര്‍ടെയ്‌നറാണ്. സന്തോഷത്തോടെ ഫുള്‍ ഫാമിലിയായിട്ട് പോയി ചിരിച്ച് കളിച്ച് തിയേറ്ററില്‍ നിന്നും ഇറങ്ങി വരാന്‍ പറ്റുന്ന സിനിമയാണ്. എന്നുവെച്ച് കോമഡി മാത്രമല്ല. ഒരുപാട് ഫാമിലി ഇമോഷന്‍സും ഹസ്ബന്‍ഡും വൈഫും തമ്മിലുള്ള ഇമോഷന്‍സും സിനിമയിലുണ്ട്. വിഷ്ണു വിശാല്‍ സാറും രവി തേജ സാറും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്,’ ഐശ്വര്യ പറഞ്ഞു.

ജയ ജയ ജയ ജയ ഹേക്കൊപ്പമുള്ള സാമ്യതയെ പറ്റി ചോദിച്ചപ്പോള്‍ രണ്ട് സിനിമകളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഐശ്വര്യ പറഞ്ഞു. ‘ജയഹേയില്‍ നിന്നും വ്യത്യസ്തമാണ് ഈ സിനിമ. അതിലെ കഥയല്ല ഇതില്‍ പറയുന്നത്. എന്ത് കാര്യത്തിലാണ് ഹസ്ബന്‍ഡും വൈഫും വഴക്കുണ്ടാക്കുന്നതെന്ന് ഞാന്‍ വിഷ്ണു സാറിനോട് ചോദിച്ചിരുന്നു. വിഷ്ണു സാറിന്റെ കല്യാണം കഴിഞ്ഞതാണ്. ആ എക്‌സ്പീരിയന്‍സ് വെച്ച് സാര്‍ പറഞ്ഞത് എന്ത് കാര്യത്തിനും വഴക്കുണ്ടാകാമെന്നാണ്. എന്ത് കാരണം വേണമെങ്കിലുമുണ്ടാവാം.

അതില്‍ വേറെ കഥ, ഇതില്‍ വേറെ കഥ. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഈഗോയില്‍ മാത്രമായിരിക്കും സിമിലാരിറ്റി ഉണ്ടായിരിക്കുക. എല്ലാവരുടെയും ലൈഫില്‍ ഓരോരോ സ്‌റ്റോറി ഉണ്ടാവും. അത്രേയുള്ളൂ. അതല്ലാണ്ട് കളര്‍ഫുള്ളായ കോമഡിയുള്ള സ്‌പോര്ട്ട്‌സിന്റെ എലമെന്റ്‌സ് ഉള്ള സിനിമയാണ്,’ ഐശ്വര്യ പറഞ്ഞു.

ചെല്ല അയ്യാവുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആര്‍.ടി. ടീം വര്‍ക്‌സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിങ് പ്രസന്ന ജി.കെ, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം ഉമേഷ് ജെ. കുമാര്‍, സ്റ്റണ്ട് അന്‍പറിവ്, സ്‌റ്റൈലിസ്റ്റ് വിനോദ് സുന്ദര്‍, വരികള്‍ വിവേക്, നൃത്തസംവിധാനം വൃന്ദ, ദിനേശ്, സാന്‍ഡി, ഡി.ഐ. ലിക്‌സൊപിക്‌സല്‍സ്, കളറിസ്റ്റ് രംഗ, വി.എഫ്.എക്‌സ് ഹരിഹരസുതന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സബ് ടൈറ്റില്‍സ് സാജിദ് അലി, പബ്ലിസിറ്റി ഡിസൈന്‍ പ്രതൂല്‍ എന്‍. ടി. റെഡ് ജയന്റ് മൂവീസ് ആണ് വിതരണം. ഡിസംബര്‍ 2 ന് തമിഴിനൊപ്പം തെലുങ്കിലുമായി ചിത്രം തിയേറ്ററുകളില്‍ എത്തും.

Content Highlight: aishwarya lekshmi about jaya jaya jaya jaya hey and gatta kusthi