| Thursday, 3rd November 2022, 10:10 am

സെറ്റില്‍ അത്യാവശ്യം വന്നാല്‍ മരുന്ന് കുറിച്ച് കൊടുക്കാറുണ്ട്, പക്ഷെ പരമാവധി ചെയ്യാതിരിക്കാന്‍ നോക്കും: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമാരംഗത്തേക്ക് കടന്നുവന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും 2017ലായിരുന്നു ഐശ്വര്യ പഠനം പൂര്‍ത്തിയാക്കിയത്.

2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്ന ഐശ്വര്യ അപ്രതീക്ഷിതമായാണ് സിനിമയിലെത്തുന്നത്. പഠനം പൂര്‍ത്തിയാക്കിയ സമയമായിരുന്നതിനാലാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ക്ക് വേണ്ടി സംവിധായകന്‍ അല്‍ത്താഫ് വിളിച്ചപ്പോള്‍ പോയി നോക്കിയതെന്ന് ഐശ്വര്യ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

2017ലിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലൂടെ പ്രശ്‌സതിയിലേക്ക് ഉയര്‍ന്ന താരം പിന്നീടങ്ങോട്ട് മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ ഇടം നേടി. ഇപ്പോള്‍ തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ തിരക്കേറിയ താരവും നിര്‍മാതാവുമെല്ലാമായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

ഇപ്പോള്‍ തന്റെ മെഡിക്കല്‍ പഠനത്തെ കുറിച്ചും ഡോക്ടര്‍ എന്ന പ്രൊഫഷനെ കുറിച്ചും സംസാരിക്കുകയാണ് നടി. കുമാരി സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍, ഡോക്ടറായതുകൊണ്ട് ഇപ്പോഴും ആളുകള്‍ മരുന്നിന്റെ പ്രിസ്‌ക്രിപ്ഷന്‍ ചോദിച്ച് വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ഞാന്‍ ആ മേഖലയുമായി ഒരുപാട് ടച്ചിലല്ല. എന്നാല്‍ അത്യാവശ്യം വരുന്ന സാഹചര്യങ്ങളില്‍ സെറ്റിലൊക്കെ ആര്‍ക്കെങ്കിലും മരുന്ന് കുറിച്ച് കൊടുക്കാറുണ്ട്.

പക്ഷെ ഞാന്‍ അത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കാറുള്ളത്. കാരണം ഞാന്‍ പഠിച്ച കാര്യങ്ങളുമായി തീരെ ടച്ചില്ല. പ്രാക്ടീസ് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെയ്ത് തെറ്റ് വരുത്തുന്നതിലും നല്ലത് അത് ചെയ്യാതിരിക്കുകയാണല്ലോ എന്നാണ് ഞാന്‍ കരുതുന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

അതേസമയം ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ കുമാരി തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഒക്ടോബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

മിത്തും വിശ്വാസങ്ങളും സാമൂഹ്യപ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന ഫാന്റസി മോഡിലുള്ള ചിത്രമായാണ് കുമാരിയെ സംവിധായകന്‍ നിര്‍മല്‍ സഹദേവ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിലും ഐശ്വര്യ ലക്ഷ്മി പങ്കാളിയാണ്.

സ്വാസിക, സുരഭി ലക്ഷ്മി, തന്‍വി റാം, സ്ഫടികം ജോര്‍ജ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Aishwarya Lekshmi about her MBBS studies and profession

We use cookies to give you the best possible experience. Learn more