ഷൂട്ട് നിന്ന് പോകുമെന്നായപ്പോഴാണ് ആ ചിത്രം നിര്‍മിക്കാമെന്ന് തീരുമാനിക്കുന്നത്; എന്നെ സേഫ് ആക്കുകയായിരുന്നു ലക്ഷ്യം: ഐശ്വര്യ ലക്ഷ്മി
Entertainment
ഷൂട്ട് നിന്ന് പോകുമെന്നായപ്പോഴാണ് ആ ചിത്രം നിര്‍മിക്കാമെന്ന് തീരുമാനിക്കുന്നത്; എന്നെ സേഫ് ആക്കുകയായിരുന്നു ലക്ഷ്യം: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th December 2024, 12:55 pm

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുമാരി. നിര്‍മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 2022ല്‍ ആണ് തിയേറ്ററുകളിലെത്തുന്നത്. മിത്തോളജിക്കല്‍ ഫാന്റസി ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സഹ നിര്‍മാതാവുകൂടിയാണ് ഐശ്വര്യ ലക്ഷ്മി.

കുമാരി എന്ന ചിത്രത്തിന്റെ ഷൂട്ട് നിന്ന് പോകും എന്നായപ്പോഴാണ് താന്‍ ചിത്രം നിര്‍മിക്കാം എന്ന് തീരുമാനിക്കുന്നതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ആ സമയത്ത് കുമാരിയല്ലാതെ മറ്റ് മൂന്ന് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നെന്നും ഡേറ്റിന്റെ ക്ലാഷ് വരാതെ സേഫ് ആകാന്‍ വേണ്ടിയായിരുന്നു കുമാരിയില്‍ പൈസ ഇട്ടതെന്നും ഐശ്വര്യ പറഞ്ഞു.

എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക അതിനായി ഇറക്കേണ്ടി വന്നെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘കുമാരിയുടെ ഷൂട്ട് നിന്ന് പോകും എന്നായപ്പോഴാണ് ഞാന്‍ സിനിമയില്‍ കാശിടുന്നത്. ആ സമയത്ത് ഞാന്‍ രണ്ട് മൂന്ന് വേറെ സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ കുമാരിയുടെ ഷൂട്ട് നിന്ന് പോകാതിരുന്നാല്‍ എന്റെ ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് വരാതെ അതങ്ങ് നടന്നുപോകും എന്നായിരുന്നു.

അതുകൊണ്ടാണ് ഞാന്‍ കുമാരിക്ക് വേണ്ടി പൈസ ഇറക്കുന്നത്. അങ്ങനെ പൈസ ആദ്യം കുറിച്ചിട്ടു, പിന്നെയും ഇട്ടു, അങ്ങനെ കുറച്ചധികം പൈസ ഇടേണ്ടതായി വന്നു. ഞാന്‍ സേഫ് ആകണം എന്ന ചിന്തയിലായിരുന്നു കുമാരിക്ക് വേണ്ടി പൈസയിറക്കിയത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lakshmi Talks About Producing Kumari Movie