Entertainment
അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചാല്‍ എന്റെ വേഷം എന്താണെന്ന് ചോദിക്കാതെ തന്നെ ഞാന്‍ സമ്മതിക്കും: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 30, 07:19 am
Thursday, 30th January 2025, 12:49 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് മായാനദി, വരത്തന്‍, കാണെക്കാണെ, പൊന്നിയിന്‍ സെല്‍വന്‍, അമ്മു, കുമാരി, ഗാട്ട ഗുസ്തി തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു. കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് ഐശ്വര്യയുടെ കരിയറിലെ 25ാം ചിത്രം.

മണിരത്‌നം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ തന്റെ വേഷം എന്താണെന്നോ ഡേറ്റ് എപ്പോഴാണെന്നോ ചോദിക്കാതെ ഉടന്‍ തന്നെ താന്‍ സമ്മതിക്കുമെന്നാണ് നടി പറയുന്നത്.

മണിരത്‌നത്തിന്റെയും കമല്‍ ഹാസന്റെയും കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ ആകാശത്തിലൂടെ പറക്കുന്നതായി തോന്നിയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘മണി സാറിന്റെയും കമല്‍ സാറിന്റെയും കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ശരിക്കും ഞാന്‍ ആകാശത്തിലൂടെ പറക്കുന്നതായി തോന്നി. മണി സാര്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍, എന്താണ് എന്റെ വേഷം എന്താണ് ഡേറ്റ് എന്നൊന്നും ചോദിക്കാതെ ഉടന്‍ തന്നെ ഞാന്‍ സമ്മതിക്കും.

അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു ഭാഗത്ത് എവിടെയെങ്കിലും നില്‍ക്കുവാന്‍ അവസരം കിട്ടിയാല്‍ പോലും, ആ അവസരം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. കാരണം ഒരു ആക്ടര്‍ എങ്ങനെയായിരിക്കണം എന്ന് ഞാന്‍ പഠിച്ച വിദ്യാലയം അതാണ്.

മദ്രാസ് ടാക്കീസ് എനിക്ക് എന്റെ കുടുംബം പോലെയാണ്. എന്തുകാര്യവും അവിടെ എനിക്ക് തുറന്നുപറയാം. നല്ല മാര്‍ഗം കാണിച്ചുതരും. മനുഷ്യരില്‍ പലതരക്കാര്‍ ഉണ്ടാവില്ലേ? എന്നാല്‍ സ്‌നേഹവും കരുണയുമുള്ള ആളുകള്‍ ഉള്ള ഇടമാണ് മദ്രാസ് ടാക്കീസ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lakshmi Talks About Maniratnam And Thug Life Movie