| Monday, 2nd December 2024, 10:22 am

സിനിമയില്‍ വന്ന് ഇത്രയും വര്‍ഷമായിട്ടും ആരും മോശം പറയാത്ത നടന്‍; അഭിനയത്തിനപ്പുറം അദ്ദേഹത്തിന് മറ്റ് സന്തോഷങ്ങളില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച നടന്‍ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ ഹാസ്യ നടനായിരുന്ന ജഗദീഷ് ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയാണ്.

ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയില്‍ വന്ന് ഇത്രയും വര്‍ഷമായിട്ടും ആരും മോശം പറയാത്ത നടനാണ് ജഗദീഷെന്ന് ഐശ്വര്യ പറയുന്നു. ജഗദീഷിനോട് അദ്ദേഹത്തിന്റെ സന്തോഷം എന്താണെന്ന് ചോദിച്ചിട്ടുണ്ടെന്നും അപ്പോള്‍ അഭിനയിക്കുന്നതാണ് തനിക്ക് സന്തോഷമെന്ന് പറഞ്ഞെന്നും ഐശ്വര്യ പറഞ്ഞു. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ഞാന്‍ ജഗദീഷേട്ടനോട് ചോദിച്ചിട്ടുണ്ട്, ചേട്ടാ ഒരാളും ഇത്രയും വര്‍ഷമായിട്ടും നിങ്ങളെ കുറിച്ച് ഒരു മോശവും ആരും പറഞ്ഞ് കേട്ടിട്ടില്ലല്ലോയെന്ന്. സിനിമയില്‍ വന്നിട്ട് ഒരുപാട് കാലം ആയതും ആണല്ലോ. എന്നിട്ടും ഇതുവരെയും ആരും അദ്ദേഹത്തെ കുറിച്ച് മോശമൊന്നും പറയുന്നത് കേട്ടിട്ടില്ല.

ആകെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള കാര്യം ആളുകളെ ശരിയായ അളവില്‍ അലോസരപ്പെടുത്തും എന്ന് മാത്രമാണ്. അതും ആരും കുറ്റമായോ പരാതിയായോ ഇതുവരെയും പറഞ്ഞിട്ടില്ല. ഒരു ഗ്യാപ്പില്ല. ഇപ്പോഴും കറക്ട് ആയിട്ടുള്ള ഒരു ലൈന്‍ പിടിച്ചാണ് അദ്ദേഹം പോകുന്നത്. നമുക്ക് ഒന്ന് ലൈറ്റായിട്ട് പിടിക്കാനുള്ള ചാന്‍സില്ല. നമ്മളും ഒപ്പത്തിന് നിക്കണം.

ഞാന്‍ ഒരു ദിവസം അദ്ദേഹത്തിനോട് ചോദിച്ചു, ചേട്ടന്റെ സന്തോഷമെന്താണെന്ന്. എല്ലാവര്‍ക്കും അവനവന്‍ ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യം ഉണ്ടാകുമെല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞത് അഭിനയമാണെന്നാണ്. ആക്ടിങ്ങിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സന്തോഷമേ ഇല്ല. അഭിനയിക്കുന്നതിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടുപിടിക്കുന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഹലോ മമ്മി. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ഷറഫുദ്ധീന്‍, ജഗദീഷ്, ജോണി ആന്റണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: Aishwarya Lakshmi Talks About Jagadish

We use cookies to give you the best possible experience. Learn more