ദുല്‍ഖര്‍ സല്‍മാന്റെ ഡബ്ബിങ്ങിനെ പറ്റി സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തങ്ങള്‍ ഹൈദരബാദില്‍ പ്രൊമോഷന് ശേഷം സംസാരിച്ചിരുന്നപ്പോഴും രാത്രി ഒന്നര വരെ ദുല്‍ഖര്‍ ഡബ്ബിങ് ചെയ്യുകയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. ഭക്ഷണം പോലും കഴിക്കാതെയാണ് ദുല്‍ഖര്‍ അത് ചെയ്തതെന്നും അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഐശ്വര്യ പറഞ്ഞു. കിങ് ഓഫ് കൊത്ത പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ആക്ട് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ഡബ്ബിങ് ഒരുപാട് പേടിക്കുന്ന പ്രോസസാണ്. മൂന്ന് മണിക്കൂറാണ് മാക്‌സിമം ഒറ്റയടിക്ക് ഡബ്ബ് ചെയ്യാന്‍ പറ്റുന്നത്. അതിനിടക്കും അര മണിക്കൂര്‍ പുറത്തിറങ്ങണം. ഞാന്‍ ക്ലോസ്‌ട്രോഫോബിക്കാണ്.
കഴിഞ്ഞ 14ന് ഹൈദരബാദില്‍ പ്രൊമോഷന്‍ കഴിഞ്ഞ് ഞങ്ങളൊക്കെ ഫുഡ് കഴിച്ച് ലോബിയില്‍ കുറെ നേരം സംസാരിച്ച് ഇരുന്നു. അപ്പോള്‍ ഞങ്ങളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ദുല്‍ഖറിനുള്ള ഫുഡുമായി പോവുകയാണ്. പുള്ളി ഡബ്ബിങ് കഴിഞ്ഞ് വന്നിട്ടേയുള്ളൂ. രാത്രിയില്‍ ഡിന്നര്‍ പോലും കഴിച്ചിട്ടില്ല. ഒന്നര മണിയായി. ഹിന്ദി ഡബ്ബിങ്ങിന്റെ ബാക്കി ഉണ്ടായിരുന്നത് ഫിനിഷ് ചെയ്യുകയായിരുന്നു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. നാല് ലാംഗ്വേജിലും ചെയ്യണമെന്ന് പറയുമ്പോള്‍ എനിക്ക് ഉള്ളില്‍ കരച്ചില്‍ വരുന്നു,’ ഐശ്വര്യ പറഞ്ഞു.
അത് തന്റെ മാത്രം പരിശ്രമമല്ലെന്നും സൗണ്ട് എഞ്ചിനീയേഴ്‌സും ട്രാന്‍സ്ലേറ്റ് ചെയ്യുന്നവരും തന്നെ സഹായിക്കാനുണ്ടെന്നും ദുല്‍ഖറും കൂട്ടിച്ചേര്‍ത്തു.
‘തുടങ്ങിക്കഴിഞ്ഞാല്‍ എനിക്ക് ഇരിക്കാന്‍ പറ്റും. പക്ഷേ അവിടെ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുപാട് പേരുണ്ടാവും. എഞ്ചിനീയേഴ്‌സും ട്രാന്‍സ്‌ലേറ്റ് ചെയ്യുന്ന ആളുമുണ്ടാവും. അവരോട് നിങ്ങള്‍ ഓക്കെയാണോ എന്ന് ഞാന്‍ ചോദിക്കും. ബ്രേക്ക് വേണമെങ്കില്‍ പറയണം, ഫ്‌ളോ കിട്ടിയാല്‍ ഒറ്റയടിക്ക് ഞാന്‍ അങ്ങ് പോകുമെന്ന് പറയും,’ ദുല്‍ഖര്‍ പറഞ്ഞു.
ഓഗസ്റ്റ് 24നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിച്ചിരിക്കുന്നത്.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്.
Content Highlight: Aishwarya Lakshmi talks about Dulquer Salmaan’s dubbing