ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് 2023ല്‍ റിലീസായ ചിത്രമാണ് കിങ് ഓഫ് കൊത്ത. 40 കോടിയോളം ബജറ്റില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ക്ക് മോശം അഭിപ്രായമായിരുന്നു ലഭിച്ചത്. പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് മുതല്‍മുടക്ക് മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചത്.
ചിത്രത്തിന്റെ ഒ.ടി.ടി റിലസിന് പിന്നാലെ ദുല്‍ഖറിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും കഥാപാത്രങ്ങള്‍ ട്രോള്‍ പേജുകളില്‍ ചര്‍ച്ചയായിരുന്നു. കെട്ടുറപ്പില്ലാത്ത തിരക്കഥയും കഥാപാത്രങ്ങളോട് ഇമോഷണലി അറ്റാച്ച്‌മെന്റോ തോന്നാത്തതും ചിത്രത്തെ പിന്നോട്ടുവലിച്ചു. കിങ് ഓഫ് കൊത്തയുമായി ബന്ധപ്പെട്ട ട്രോളുകള്‍ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി.
തന്റെ കണ്‍ട്രോളിലുള്ള കാര്യങ്ങളില്‍ ട്രോള്‍ വന്നിട്ടുണ്ടോ എന്നാണ് താന്‍ ആദ്യം നോക്കിയതെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അത്രയും ഹൈപ്പില്‍ വന്ന ചിത്രമായതുകൊണ്ട് പ്രേക്ഷകര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ആ സിനിമയില്‍ കിട്ടിയിട്ടുണ്ടാകില്ലെന്നും അതുകൊണ്ടാകാം അവര്‍ ഇങ്ങനെ ട്രോളിയതെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഒരുപാട് ട്രോളുകള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ അതില്‍ നിന്ന് താന്‍ സമാധാനം കിട്ടാന്‍ വേണ്ടി കണ്ടുപിടിച്ചതാണ് ആ കാര്യമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘കിങ് ഓഫ് കൊത്ത ഒ.ടി.ടിയില്‍ എത്തിയപ്പോഴാണ് കൂടുതല്‍ ട്രോളുകളും വന്നത്. ഒരുദിവസം മിനിമ 15 ട്രോളെങ്കിലും വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ നോക്കിയ ആദ്യത്തെ കാര്യം, എനിക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യമോ അല്ലെങ്കില്‍ എനിക്ക് നന്നാക്കാന്‍ പറ്റുന്ന കാര്യമോ ആരെങ്കിലും ട്രോളാക്കിയിട്ടുണ്ടോ എന്നാണ്. അതുപോലെ ഇത്തരം കാര്യങ്ങളില്‍ നിന്ന് സമാധാനം കണ്ടെത്താന്‍ നമ്മള്‍ എന്തെങ്കിലും കണ്ടുപിടിക്കുമല്ലോ. അതുപോലെ ഒന്ന് ഈ സിനിമയുടെ കാര്യത്തിലും ഞാന്‍ കണ്ടുപിടിച്ചിരുന്നു.
അതായത്, വലിയ ഹൈപ്പില്‍ വന്നൊരു സിനിമയാണ് കിങ് ഓഫ് കൊത്ത. എന്തൊക്കെയോ ഉണ്ടാകുമെന്ന് കരുതി ഒരുപാട് പേര്‍ ഈ സിനിമക്ക് കയറിക്കാണും. അവരുടെ പ്രതീക്ഷയിലുണ്ടായിരുന്ന സംഗതികളൊന്നും ഇല്ലാത്തതുകൊണ്ടാകാം ഇത്രയധികം ട്രോളുകള്‍ വരുന്നതെന്ന് ഞാന്‍ സ്വയം എന്നെപ്പറഞ്ഞ് മനസിലാക്കി. അങ്ങനെയാണ് ആ സമയത്ത് ഞാന്‍ എന്നെ ഓക്കെയാക്കിയത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lakshmi shares how she overcome from the trolls of King of Kotha