ശോഭന ചെയ്യുന്നതുപോലെയുള്ള കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി. നയന്‍താരയും സാമന്തയും ചെയ്യുന്നതുപോലെയുള്ള കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിനോടായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
‘ഗ്രാമത്തില്‍ നിന്നുമുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് അര്‍ച്ചന വരുന്നത്. നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. അഭിനയപ്രാധാന്യമുള്ള സിനിമകള്‍ ലഭിക്കുന്നുണ്ട്. ഇതും വേണം അതിന് മുകളിലേക്കുള്ളതും വേണം എന്നാഗ്രഹമുള്ള ആളാണ് ഞാന്‍. അത് പറയാന്‍ ഒരു നാണവുമില്ല.
പണ്ട് ശോഭന മാം ചെയ്തത് പോലെയുള്ള കഥാപാത്രങ്ങളും ചെയ്യണം. ഇപ്പോള്‍ സാമന്തയും നയന്‍താരയും ചെയ്യുന്നതുപോലെയുള്ള കൊമേഴ്‌സ്യല്‍ സിനിമകളുടെയും ഭാഗമാകണം. സായ് പല്ലവി ചെയ്യുന്നതുപോലെയൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ ശ്യാം സിംഘ റോയിയിലേതു പോലത്തെ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ ഐശ്വര്യ പറഞ്ഞു.
‘നല്ല സിമനിമകളുടെ ഭാഗമാകാന്‍ ആണ് ആഗ്രഹം. അര്‍ച്ചനയാവുമ്പോഴും പാലക്കാടന്‍ സ്ലാങ് പിടിക്കാന്‍ നോക്കുന്നില്ല. സ്ലാങ് പിടിക്കാന്‍ പോയാല്‍ എന്റെ ഇമോഷന്‍സ് വേറെ വഴിക്ക് പോകും. അതുകൊണ്ട് ആ പരിപാടി നോക്കിയിട്ടില്ല. എനിക്ക് പരിമിതികളുണ്ട്. അത് മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്,’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ഐശ്വര്യ നായികയായ പുതിയ ചിത്രം ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 31 വിവാഹാലോചനകളിലൂടെ കടന്നുപോകുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.
അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.
സിനിമയുടെ രചനയും തിരക്കഥയും അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരാണ്. ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്‌സിന്‍ പി.എം., സംഗീതം രജത്ത് പ്രകാശ്, മാത്തന്‍.
നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയില്‍ ഒരുങ്ങുന്നത്. ബിസ്മി സ്പെഷ്യല്‍, കുമാരി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനും ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlight: aishwarya lakshmi says she wants to act the characters like done by sobhana and nayanthara