|

സായ് പല്ലവി ഒരു പരസ്യവും ചെയ്യാറില്ല, കടകളുടെ ഉദ്ഘാടനത്തിന് പോവാറില്ല, കാശിനോട് ഒരു താത്പര്യവും ഇല്ലാത്ത വ്യക്തിയാണ്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സായ് പല്ലവി കാശിനോട് ഒരു താല്‍പര്യവും ഇല്ലാത്ത വ്യക്തിയാണെന്ന് ഐശ്വര്യ ലക്ഷ്മി. അവര്‍ക്ക് കാറോ ഡയമണ്ടോ എന്ത് വേണമെങ്കിലും വാങ്ങിക്കൂട്ടാമെന്നും എന്നാല്‍ അവരെല്ലാം വേണ്ടെന്ന് വെക്കുകയാണെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

‘പല്ലവി എടുക്കുന്ന കുറെ നിലപാടുകളുണ്ട്. ഫെയര്‍നെസ് ക്രീമിന്റെ പരസ്യം നല്ല കാശ് കിട്ടുന്ന പരിപാടിയാണ്. അത് വേണ്ടാന്ന് വെക്കും. അവര്‍ ഒരു പരസ്യവും ചെയ്തിട്ടില്ല. കടകള്‍ ഉദ്ഘാടനം ചെയ്യാന്‍ പോവാറില്ല. കാശിനോട് ഒരു താല്‍പര്യവും ഇല്ലാത്ത വ്യക്തിയാണ്. അവര്‍ക്ക് വേണമെങ്കില്‍ വലിയ കാറുകള്‍ വാങ്ങാം. ഡയമണ്ടുകള്‍ വാങ്ങിക്കൂട്ടാം. ഒന്നും ചെയ്യാറില്ല.

മിക്കവാറും എയര്‍പോര്‍ട്ടില്‍ വെച്ചായിരിക്കും ഞങ്ങള്‍ കാണുന്നത്. ഹലോ ഇവിടെയുണ്ടോ, ഇവിടെ ഞാനുമുണ്ട്, ആ ലൈനാണ് ഞങ്ങള്‍. എയര്‍പോര്‍ട്ടില്‍ വെച്ച് കാണുമ്പോള്‍ എനിക്ക് മോട്ടിവേഷണല്‍ ടോക്ക് തരുകയാണ് പുള്ളിക്കാരിയുടെ മെയ്ന്‍ പണി,’ ഐശ്വര്യ പറഞ്ഞു.

അടുത്തിടെ ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത സായ് പല്ലവി ചിത്രമായ ഗാര്‍ഗിയുടെ നിര്‍മാണ പങ്കാളി കൂടിയായിരുന്നു ഐശ്വര്യ. ചിത്രത്തില്‍ ഒരു ചെറിയ വേഷവും ഐശ്വര്യ ചെയ്തിരുന്നു. ഗാര്‍ഗിയില്‍ ചെറിയ വേഷം ചെയ്തതിന് കാരണം അടുത്തിടെ കോഴിക്കോട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഐശ്വര്യ പറഞ്ഞിരുന്നു.

‘നിര്‍മാതാവായതുകൊണ്ടാണ് ആ കഥാപാത്രം ചെയ്തത്. എനിക്ക് എങ്ങനെയെങ്കിലും ആ സിനിമയുടെ ഭാഗമാവണമെന്നുണ്ടായിരുന്നു. ഞാന്‍ ഇത് ചെയ്യണമെന്ന് ഗൗതമിന് (സംവിധായകന്‍) ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് സിങ്ക് സൗണ്ടിലായിരുന്നു സിനിമ ചെയ്തത്. മലയാളം കലര്‍ന്ന തമിഴാണ് ഞാന്‍ പറയുന്നത്. റിക്വസ്റ്റ് ചെയ്ത് വാങ്ങിയ റോളാണ്. അത് സിനിമയോടുള്ള താല്‍പര്യം കൊണ്ടാണ്.

ചെറിയ റോള്‍ ചെയ്യുമ്പോഴുണ്ടാകുന്ന ഒരു പ്രശ്നം, പിന്നെ വിളിക്കുന്നത് മുഴുവന്‍ ചെറിയ റോളിലേക്കായിരിക്കും. പക്ഷേ ഞാന്‍ സൈഡ് ബൈ സൈഡ് നായികാ കഥാപാത്രങ്ങളും ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ചെറിയ റോളുകള്‍ മാത്രമായി പോവാതിരുന്നാല്‍ മതി. നല്ല സിനിമകളുടെ ചെറിയ ഭാഗമായാലും ഞാന്‍ ഓക്കെയാണ്. അതിന് വേണ്ടിയാണ് ഗാര്‍ഗി ചെയ്തത്,’ ഐശ്വര്യ പറഞ്ഞു.

Content Highlight: Aishwarya Lakshmi says Sai Pallavi is a person who has no interest in money