നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഓഡിഷന് പോവുന്ന ആളാണ് താനെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് ഓഡിഷനില്ലാതെ പറ്റില്ലെന്നും ഐശ്വര്യ പറയുന്നു.
ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരം എന്ന ചിത്രത്തിലേക്ക് എത്തിയതും ഓഡിഷനിലൂടെയായിരുന്നെന്നും അത് ഏറെ സന്തോഷം നല്‍കിയെന്നും ഐശ്വര്യ പറഞ്ഞു.
‘ചില സിനിമകളുടെയൊക്കെ ഓഡിഷന് പോയി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ അതിലെനിക്ക് വിഷമം തോന്നുമായിരുന്നു. പിന്നെ എനിക്ക് മനസ്സിലായി എന്നെ നിരസിച്ച സിനിമകള്‍ എന്നെ ആവശ്യമില്ലാത്തതായിരുന്നുവെന്ന്. ഇപ്പോ ഒരു റോളില്‍ നിന്ന് നിരസിക്കപ്പെടുമ്പോള്‍ എനിക്ക് അറിയാം ഞാന്‍ അതിന് യോജിച്ച ആളല്ലെന്ന്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
താനത്ര ധൈര്യമുള്ളയാളല്ലെന്നും അതുകൊണ്ടുതന്നെ നിരസിക്കപ്പെടാനുള്ളൊരു അവസരം താനായിട്ട് ഉണ്ടാക്കാറില്ലെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രവും ജഗമേ തന്തിരമായിരുന്നു. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മ്മിച്ച ആക്ഷന്‍ പാക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമായ ജഗമേ തന്തിരം 190 രാജ്യങ്ങളിലായി 17 ഭാഷകളിലായാണ് റിലീസ് ചെയ്തത്.
മലയാളിയായ ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹോളിവുഡ് താരം ജെയിംസ് കോസ്‌മോയും അഭിനയിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്.
സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിച്ചത്.