പൂങ്കുഴലിക്ക് ശേഷം അമ്മുവായി ഐശ്വര്യ ലക്ഷ്മി; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നു
Entertainment news
പൂങ്കുഴലിക്ക് ശേഷം അമ്മുവായി ഐശ്വര്യ ലക്ഷ്മി; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th October 2022, 5:37 pm

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നു. അമ്മു എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.

ചാരുകേഷ് ശേഖറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലും 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രൈം അംഗങ്ങള്‍ക്ക് തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ സിനിമ സ്ട്രീം ചെയ്യും.

പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ടപ്പോഴും ഒരു ഫീനിക്‌സിനെപ്പോലെ ചിറകടിച്ചുയര്‍ന്ന ഒരു സ്ത്രീയുടെ കരുത്ത് പകരുന്ന കഥയാണ് ചിത്രം പറയുന്നത്. നവീന്‍ ചന്ദ്ര, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കല്യാണ്‍ സുബ്രഹ്‌മണ്യം, കാര്‍ത്തികേയന്‍ സന്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജാണ് അവതരിപ്പിക്കുന്നത്.

പല കാരണങ്ങളാലും അമ്മു ഞങ്ങള്‍ക്ക് സവിശേഷമാണെന്ന് പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനല്‍സ് ഹെഡ് അപര്‍ണ പുരോഹിത് പറഞ്ഞു.

”ഇത് ഞങ്ങളുടെ ആദ്യ തെലുങ്ക് ഒറിജിനല്‍ സിനിമ മാത്രമല്ല, കടന്നുപോയതില്‍ ഞങ്ങളെ ത്രില്ലടിപ്പിക്കുന്ന ഒരു നാഴികക്കല്ലാണ്. സ്ത്രീകളുടെ ശക്തിയിലും പ്രതിരോധശേഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനപ്പെട്ടതും പ്രസക്തവുമായ ഒരു കഥ കൂടിയാണിത്. പുത്തം പുതുകാലൈ, മഹാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജുമായുള്ള ഞങ്ങളുടെ അടുത്ത സഹകരണത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

ഈ ചിത്രത്തിലെ ഞങ്ങളുടെ പ്രധാന അഭിനേതാക്കളായ ഐശ്വര്യ ലക്ഷ്മി, നവീന്‍ ചന്ദ്ര, ബോബി സിന്‍ഹ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രൈം വീഡിയോയില്‍, ഈ കഥ ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരും അഭിമാനമുള്ളവരുമാണ്,” അപര്‍ണ പുരോഹിത് പറഞ്ഞു.

ഒരു സിനിമ എന്ന നിലയില്‍ അമ്മു ഒരു റിവഞ്ച് ത്രില്ലര്‍ എന്നതിലുപരിയാണെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

”ഒരു നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട, ജീവിതം പ്രവചനാതീതമാണെന്ന സന്ദേശം നല്‍കുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിക്കും.

ഐശ്വര്യ, നവീന്‍, സിന്‍ഹ എന്നിവര്‍ക്കൊപ്പം ഇന്‍ഡസ്ട്രിയിലെ ചില മികച്ച അഭിനേതാക്കളുടെ മികച്ച പ്രകടനവും ഈ ചിത്രത്തിലുണ്ട്. വൈകാരികമായ കാമ്പിനെ നിലനിര്‍ത്തിക്കൊണ്ട് ഈ രസകരവും പ്രധാനപ്പെട്ടതുമായ കഥ അവതരിപ്പിച്ചതിന് ചാരുകേഷ് ശേഖറിനെ ഞാന്‍ അഭിനന്ദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Content Highlight: Aishwarya Lakshmi’s new film Ammu is releasing on October 19 on Amazon Prime