ഐശ്യര്യ ലക്ഷ്മിയെ നായികയാക്കി ചാരുകേഷ് ശേഖര്‍ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് അമ്മു. കേട്ടുപരിചയിച്ച ആശയങ്ങളും ജീവിത പരിസരങ്ങളും തന്നെയാണ് വീണ്ടും അമ്മു കാണിച്ചു തരുന്നത്.
ദാമ്പത്യ ജീവിതത്തില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് സിനിമയിലൂടെ പ്രേക്ഷകന് മുമ്പില്‍ തുറന്നു കാണിക്കപ്പെടുന്നത്. വിവാഹത്തിന് ശേഷം ഭയാനകമായ ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്ന, ‘മാതൃകാ’ കുടുംബിനികളായി ജീവിതകാലം മുഴുവന്‍ വീട്ടകങ്ങളില്‍ അതിജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ നിസ്സഹായത കയ്യടക്കത്തോടെയാണ് ഐശ്യര്യ ലക്ഷ്മി അമ്മുവിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രം അമ്മു എന്ന അമുദയുടെയും നവീന്‍ ചന്ദ്ര അവതരിപ്പിക്കുന്ന രവിയുടേയും ദാമ്പത്യ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരാഗത പുരുഷബോധത്തിന്റെ സ്വാധീനം ആവോളമുള്ള സൈക്കോയാണ് രവി. അമ്മുവില്‍ നിന്നുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും പൊലീസ് ഇന്‍സ്‌പെക്ടറായ ഇയാളില്‍ അക്രമോത്സുകത വളര്‍ത്തുന്നുണ്ട്.
പല അവസരങ്ങളിലും ഭര്‍ത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ ഇറങ്ങിപ്പോകാന്‍ അമ്മു ശ്രമിക്കുന്നുണ്ടെങ്കിലും തന്നിലുള്ള അടിമബോധം അവളെ തിരിച്ചുവിളിക്കുകയാണ്. ഒരവസരത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന രവി മറ്റൊരവസരത്തില്‍ സ്‌നേഹനിധിയായി അവളോട് ക്ഷമ യാചിക്കുന്ന ഭര്‍ത്താവായി രൂപാന്തരം പ്രാപിക്കുകയാണ്. വീണ്ടും വീണ്ടും ക്രൂരതക്കിരയാകുമ്പോഴും രവിയുടെ സ്‌നേഹം വ്യാജമാണെന്ന തിരിച്ചറിവ് അമ്മുവിണ്ടാകുന്നില്ല.
സിനിമയില്‍ ഒരവസരത്തില്‍ അമ്മു തന്റെ അമ്മയായി അഭിനയിക്കുന്ന മാല പാര്‍വതിയുടെ കഥാപാത്രത്തിനോട് ‘അയാള്‍ എന്നെ തല്ലി’ എന്ന് വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ഒരു അവസരം തന്റെ ജീവിതത്തിലുണ്ടായപ്പോള്‍ അന്ന് തനിക്ക് കിട്ടിയ ഉപദേശത്തിലൂടെയാണ് അമ്മുവിന് അമ്മ മറുപടി നല്‍കുന്നത്.
പുരുഷന്റെ സ്‌നേഹം അനുഭവിക്കുന്ന സ്തീ, പുരുഷന്റെ കോപവും അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്ന’ തനിക്ക് കിട്ടിയ ഉപദേശം തിരുത്തിക്കൊണ്ടാണ് അമ്മുവിന് അമ്മ മറുപടി നല്‍കുന്നത്. തന്റെ ജീവിതത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് അമ്മുവിന് തീരുമാനിക്കാനുള്ള അവകാശം നല്‍കിക്കൊണ്ടാണ് കഥാസന്ദര്‍ഭത്തില്‍ അമ്മ മാതൃകയാകുന്നത്. എന്നാല്‍ അയാളോടൊപ്പമുള്ള വിധേയ ജീവിതത്തിലേക്ക് തന്നെ അമ്മു തിരിച്ചുപോകുകയാണ്.
ചിത്രത്തില്‍ പ്രഭു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോബി സിങ്ഹ, അമ്മുവിന്റെ അമ്മയായി വരുന്ന മാല പാര്‍വതി, അഞ്ജലി അമീര്‍ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
വീട്ടിന് പുറത്ത് മാതൃകാപരമായ ജീവിതം അഭിനയിക്കുന്ന മനുഷ്യര്‍ വീട്ടുപടിക്കല്‍ ചെരിപ്പൂരി വീട്ടകത്തെ മറവിലേക്ക് കടക്കുമ്പോള്‍ ഏറ്റവും മോശം മനുഷ്യനാകുന്നതിന്റെ നേര്‍സാക്ഷ്യമാണ് ചിത്രത്തിലെ അമ്മുവിന്റെ ഭര്‍ത്താവ് രവി. ഇരട്ട വ്യക്തിത്വമുള്ള രവിയെ കൃത്യമായി രേഖപ്പെടുത്താന്‍ നവീന്‍ ചന്ദ്രയ്ക്കും സാധിച്ചിട്ടുണ്ട്.
ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ തെലുങ്ക് ഒറിജിനല്‍ ചിത്രമായ ‘അമ്മു’ തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കല്യാണ്‍ സുബ്രഹ്‌മണ്യം, കാര്‍ത്തികേയന്‍ സന്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകന്‍ ചാരുകേഷ് ശേഖറാണ്.
Content Highlight: Aishwarya Lakshmi’s Ammu movie, dealing woman’s fight against domestic violence