തഗ് ലൈഫ്; കമല്‍ ഹാസന്‍ ചിത്രത്തിലേക്ക് ദുല്‍ഖറിനും ജോജുവിനുമൊപ്പം ഈ മലയാളി നായികയും
Film News
തഗ് ലൈഫ്; കമല്‍ ഹാസന്‍ ചിത്രത്തിലേക്ക് ദുല്‍ഖറിനും ജോജുവിനുമൊപ്പം ഈ മലയാളി നായികയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th January 2024, 7:31 pm

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഉലകനായകന്‍ കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. ഈയിടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

‘രംഗരായ സത്യവേല്‍നായകന്‍’ എന്നാണ് ഉലകനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജുമെത്തും എന്ന വാര്‍ത്ത പുറത്തുവന്നത്.

ഇപ്പോള്‍ തഗ് ലൈഫില്‍ ഐശ്വര്യാ ലക്ഷ്മിയും എത്തുമെന്ന വിവരമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന് ശേഷം ഐശ്വര്യാ ലക്ഷ്മി വീണ്ടും മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

പ്രൊഡക്ഷന്‍ ടീമിന്റെ ഒഫീഷ്യല്‍ അനൗന്‍സ്‌മെന്റിന് പിന്നാലെ ഐശ്വര്യാ ലക്ഷ്മി ട്വിറ്ററില്‍ തന്റെ സന്തോഷം പങ്കുവെച്ചു.

‘വീണ്ടും എന്റെ ഗുരുവിനൊപ്പം, എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. ഞങ്ങളുടെ രംഗരായ ശക്തിവേല്‍ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്’.

ഐശ്വര്യാ ലക്ഷ്മിക്ക് പുറമെ കമല്‍ ഹാസനോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ജോജു ജോര്‍ജ്, ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് തുടങ്ങിയ താരങ്ങളും ഒന്നിക്കുന്നുണ്ട്. ചിത്രത്തില്‍ കമല്‍ ഹാസനും മണിരത്നത്തിനും ഒപ്പം എ.ആര്‍. റഹ്‌മാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് എന്നിവരാണ്.

തഗ് ലൈഫിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: Aishwarya Lakshmi On Board Kamal Haasan’s And Manirathnam Movie Thug Life