Film News
മോഹന്‍ലാലിനൊപ്പം ആദ്യമായി ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്നു, ഒപ്പം പ്രിയനടിയുടെ തിരിച്ചുവരവും: ഹൃദയപൂര്‍വത്തിന്റെ അപ്‌ഡേറ്റുമായി സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 03, 03:46 pm
Thursday, 3rd October 2024, 9:16 pm

മലയാളികള്‍ക്ക് എല്ലാകാലത്തും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ടി.പി. ബാലഗോപാലന്‍ എം.എ, വരവേല്പ്, പിന്‍ഗാമി തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഈ കോമ്പോയില്‍ പിറന്നവയാണ്. 10 വര്‍ഷത്തിന് ഇതേ കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് സത്യന്‍ അന്തിക്കാട് അറിയിച്ചു. മായാനദി, വരത്തിന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഐശ്വര്യ ആദ്യമായാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.

മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളായ സംഗീതയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ചിന്താവിഷ്ടയായ ശ്യാമളക്ക് ശേഷം സംഗീത സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാവുകയാണ് ഹൃദയപൂര്‍വത്തിലൂടെ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമാപ്രേമികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നൊസ്റ്റാള്‍ജിക് കോമ്പോ വീണ്ടും ഒന്നിക്കുന്ന ത്രില്ലില്ലാണ് ആരാധകര്‍.

ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഹൃദയപൂര്‍വം അടുത്ത വര്‍ഷം പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധായക കുപ്പായമണിയുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനാണ് സത്യന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ചിത്രം. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlight: Aishwarya Lakshmi and Sangeetha on board for Hridayapoorvam movie