ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു.
വരത്തൻ എന്ന അമൽ നീരദ് സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയെ പറ്റിയുള്ള തന്റെ ധാരണകളെല്ലാം മാറ്റിയ സിനിമയാണ് വരത്തനെന്നും ചിത്രത്തിലെ ഒരു ഷോട്ട് പതിനേഴ് വട്ടം റീടേക്ക് എടുക്കേണ്ടി വന്നെന്നും ഐശ്വര്യ പറയുന്നു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘വരത്തൻ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു. സിനിമയെ പറ്റിയുള്ള എന്റെ ധാരണകളെല്ലാം മാറ്റിയ ചിത്രമാണ് വരത്തൻ. അമലേട്ടന്റെ അടുത്ത് നിന്ന് കുറെ ഞാൻ പഠിച്ചിട്ടുണ്ട്.
എന്റെ ഡ്രസ് കാണാതാവുന്ന ഒരു സീനുണ്ട് ആ ചിത്രത്തിൽ. അത് ആദ്യത്തെ ദിവസം പതിനാല് ടേക്കും രണ്ടാമത്തെ ദിവസം പതിനേഴ് ടേക്കും എടുക്കേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ ദിവസം എടുത്തത് ശരിയാവാത്തത് കൊണ്ട് ഞങ്ങൾ ബ്രേക്ക് എടുത്തു.
അത്രയും ടേക്ക് എടുത്തിട്ട് ശരിയാവുന്നില്ല. എനിക്കാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാവുന്നുമില്ല. അത് വേറൊരു രീതിയിൽ ചെയ്യാൻ കുറച്ച് ബുദ്ധി കൂടി വേണം. മൂന്നാമത്തെ സിനിമയായതിനാൽ നല്ല പേടിയാണ്.
അതിന്റെ അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങൾ ഒരു പ്രാർത്ഥന നടത്തി. എനിക്കറിയില്ലായിരുന്നു എന്തിനാണ് ആ പ്രാർത്ഥനയെന്ന്. എന്റെ വിചാരം ഞാൻ മോശമായിട്ട് അഭിനയിക്കുന്നത് കാരണം എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കാൻ പോവുകയാണ് എന്നായിരുന്നു.
എനിക്ക് വേണ്ടിയാണോ പ്രാർത്ഥിക്കുന്നതെന്ന് ചോദിച്ചിട്ടാണ് ഞാൻ പോവുന്നത്. നസ്രിയയാണ് ആരോ മരിച്ചതിന് ഒരു നിമിഷം പ്രാർത്ഥിച്ചതാണെന്ന് എന്നോട് പറയുന്നത്. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീഴുന്നത്,’ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lakshmi About Varathan Movie