കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിലെ തന്റെ സുഹൃത്തുക്കൾ മലയാള സിനിമയെ കുറിച്ച് സംസാരിക്കാറുണ്ടെന്നും അവർക്കെല്ലാം അറിയുന്ന ഫേസ് ഓഫ് മലയാള സിനിമ ഫഹദ് ഫാസിലാണെന്നും ഐശ്വര്യ പറഞ്ഞു. തന്റെ ഒരു സുഹൃത്തിന് തൂവാനത്തുമ്പികൾ നിർദ്ദേശിച്ചിരുന്നുവെന്നും അതിനുശേഷം ആ സിനിമയുടെ പശ്ചാത്തല സംഗീതത്തിന്റെ ആരാധികയായി അവൾ മാറിയെന്നും ഐശ്വര്യ പറഞ്ഞു.
‘എല്ലാവരും മലയാള സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. ഹിന്ദിയിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും അവർക്ക് അറിയുന്ന ഒരു ഫേസ് ഓഫ് മലയാള സിനിമ ഫഹദ് ഫാസിലാണ്. ഫഹദ് ഫാസിലിന്റെ സിനിമകൾ കാണുമ്പോൾ അവർ നമ്മളോട് മലയാളത്തിലെ മറ്റ് സിനിമകൾ നിർദേശിക്കാൻ പറയും. അപ്പോൾ നമ്മൾ എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകൾ കൂടി കണ്ടുനോക്കാൻ പറയും.
നമുക്ക് സന്തോഷമാണല്ലോ. നമ്മൾ കണ്ടു വളർന്ന സിനിമകൾ, നമ്മൾ ആരാധിക്കുന്ന ഫിലിം മേക്കേർസിന്റെ സിനിമകൾ. എന്റെ ഒരു സുഹൃത്തിന് ഞാൻ തൂവാനതുമ്പികൾ കാണിച്ചു കൊടുത്തിരുന്നു. അതിനെ ശേഷം കുറേകാലം പുള്ളിക്കാരി ആ സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ ഹുക്കായി നടന്നിരുന്നു,’ഐശ്വര്യ പറയുന്നു.
അതേസമയം ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹലോ മമ്മി പ്രദർശനം തുടരുകയാണ്. ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മി നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്.
തൂവാനത്തുമ്പികൾ
പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ ഏറെ ആരാധകരുള്ള ഈ സിനിമ പുറത്തിറങ്ങിയത് 1987ലാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയാണുള്ളത്.