| Wednesday, 27th November 2024, 4:10 pm

പെണ്ണുങ്ങൾ കുറച്ച് വെയിറ്റേ എടുക്കാവൂവെന്ന ചിന്തയൊന്നും ആ നടിക്കില്ല, പ്രചോദനമാണത്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു.

തെന്നിന്ത്യൻ നായികമാരിൽ ഏറെ ആരാധകരുള്ള സമാന്തയെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ. സമാന്ത ഫിറ്റ്നസിൽ നന്നായി ശ്രദ്ധിക്കുന്ന ആളാണെന്നും വർക്ക്‌ ഔട്ട്‌ സമയത്ത് ഹെവി വെയിറ്റ് ലിഫ്റ്റ് ചെയ്യാൻ സമാന്തക്ക് ഇഷ്ടമാണെന്നും ഐശ്വര്യ പറയുന്നു. അതെല്ലാം തനിക്ക് വലിയ പ്രചോദനമാണെന്നും ഇപ്പോൾ പ്രായം പറയാൻ മടിയില്ലെന്നും ഐശ്വര്യ പറഞ്ഞു.

‘സമാന്തയെ കുറിച്ച് പറയുകയാണെങ്കിൽ അവരുടെ ഫിറ്റ്നസ് എനിക്ക് വലിയ ഇഷ്ടമാണ്. സമാന്തയുടെ ഡെഡിക്കേഷൻ എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

എന്റെ ഒരു സുഹൃത്തുണ്ട്. ജിം ട്രെയിനറാണ്. സമാന്തയുടെ ഗ്രൂപ്പിലാണ് അവർ വർക്ക്‌ ചെയ്യുന്നത്. സമാന്ത വർക്ക് ഔട്ട്‌ ടൈമിൽ ലിഫ്റ്റ് ചെയ്യുന്നത് അത്രയും ഹെവിയായിട്ടുള്ള വെയിറ്റാണ്. പെണ്ണുങ്ങൾ കുറച്ച് വെയിറ്റേ എടുക്കാൻ പാടുള്ളൂവെന്ന ചിന്തയൊന്നും പുള്ളിക്കാരിക്കില്ല.

അതെല്ലാം വലിയ രീതിയിൽ എനിക്ക് ഇൻസ്പയറിങ്ങാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ പ്രായം പറയേണ്ടി വരുമ്പോൾ എനിക്കങ്ങനെ പേടി തോന്നുന്നില്ല. ഇനി സിനിമ കിട്ടില്ല, ഒരു മുപ്പത് കഴിഞ്ഞാൽ നായികയായി വിളിക്കില്ല എന്നുള്ള ആ പേടി മാറി. നിലവിൽ എനിക്ക് 34 വയസായി എന്ന് പറയുന്നതിൽ ഒരു പേടിയുമില്ല. പക്ഷെ അത് പറയാൻ പേടിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു,’ഐശ്വര്യ ലക്ഷ്മി പറയുന്നു.

അതേസമയം ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹലോ മമ്മി പ്രദർശനം തുടരുകയാണ്. ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മി നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്.

Content Highlight: Aishwarya Lakshmi About Samantha’s Fitness

Latest Stories

We use cookies to give you the best possible experience. Learn more