ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി പൂങ്കുഴലി എന്നൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ ശരീരം പ്രദർശിപ്പിക്കുന്ന കഥാപാത്രം പൂങ്കുഴലിയാണെന്നും ആദ്യമായി അത് ചെയ്യാൻ നല്ല മടി ഉണ്ടായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.
എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ ഇപ്പോൾ അങ്ങനെ തോന്നാറില്ലെന്നും പുഷ്പയിൽ സാമന്ത ചെയ്ത പോലൊരു പാട്ട് ചെയ്യേണ്ടി വന്നാൽ അത് ചെയ്യാൻ തയ്യാറായി ഇരിക്കണമെന്നും താരം പറയുന്നു. പന്ത്രണ്ട് വർഷത്തെ സാമന്തയുടെ ഹാർഡ് വർക്കാണ് ആ പാട്ടിൽ കണ്ടതെന്നും കരിക്ക് ഫ്ലിക്കിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.
‘ആദ്യമായി അങ്ങനെ ഒരു വേഷത്തിൽ അഭിനയിക്കേണ്ടി വന്നപ്പോൾ നല്ല പ്രയാസമുണ്ടായിരുന്നു. ഒരു ദിവസം മുമ്പ് തന്നെ ഞങ്ങൾ ക്യാമറ ടെസ്റ്റ് ചെയ്യാൻ പോയിരുന്നു. കാരണം കടലിലാണല്ലോ ഷൂട്ട് ചെയ്യുന്നത്. ക്യാമറ ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ കോസ്റ്റ്യൂം ഇങ്ങനെ പോലുമല്ലായിരുന്നു.
എന്നാൽ ഇപ്പോൾ എനിക്ക് ആ രീതിയിലുള്ള പ്രയാസമൊന്നും തോന്നാറില്ല. കാരണം ഒരു അഭിനേതാവ് എന്ന നിലയിൽ മുടി മുതൽ നഖം വരെ എല്ലാം അഭിനയിക്കാനുള്ള ഒരു ടൂളായിട്ടാണ് ഞാനിപ്പോൾ വിശ്വസിക്കുന്നത്.
ഞാനിപ്പോൾ ജിമ്മിൽ പോവാറുണ്ട്. എന്തിനാണത്? പെട്ടെന്നൊരു സിനിമ വരുകയാണ്, അതിപ്പോൾ ഒരു തെലുങ്ക് കോമേഴ്‌ഷ്യൽ സിനിമയാണെന്ന് കരുതുക, അതിൽ ഊ അണ്ടമാവ പോലൊരു പാട്ടുണ്ടെങ്കിൽ അത് ചെയ്യാനായി ഞാൻ തയ്യാറായി ഇരിക്കണം.
ആ സമയത്ത് പോയി വർക്കൗട്ട് ചെയ്യാൻ പറ്റില്ല. സാമന്ത പന്ത്രണ്ട് വർഷമായി ഇൻഡസ്ട്രിയിൽ ഉള്ളപ്പോഴാണ് ആ ഒരു പാട്ട് വരുന്നത്. അത്രയും വർഷത്തെ ഹാർഡ് വർക്കാണ് ആ ഒരു പാട്ടിലൂടെ പെട്ടെന്നവർക്ക് വലിയൊരു ബൂസ്റ്റ് നൽകുന്നത്. അതവരുടെ കരിയറിനെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അല്ലാതെ ഒരു മാസമായി അവർ ഉണ്ടാക്കിയെടുത്ത കാര്യമല്ല,’ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lakshmi About Samantha