ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു.
ആഷിഖ് അബു സംവിധാനം ചെയ്ത് 2017ല്‍ റിലീസായ ചിത്രമായിരുന്നു മായാനദി. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ‘അപ്പു’ എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്.
പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മായാനദി. മായാനദിക്ക് ശേഷം തനിക്കും ടൊവിനോക്കും ഒന്നിച്ചഭിനയിക്കാൻ ഒരുപാട് സിനിമകൾ വന്നിരുന്നുവെന്നും എന്നാൽ മായാനദിയോട് തനിക്കൊരു റെസ്‌പെക്ട് ഉണ്ടെന്നും ഐശ്വര്യ പറയുന്നു.
പണം മാത്രം നോക്കിയാണെങ്കിൽ ഒരുപാട് സിനിമകൾ ചെയ്യാമായിരുന്നുവെന്നും അതിലൂടെ പോപ്പുലർ ജോഡി എന്ന നിലയിലേക്ക് തനിക്കും ടോവിനോയ്ക്കും മാറാമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. മായാനദിയോടൊപ്പവും ചേർത്ത് വെക്കുന്ന തന്റെ സിനിമ കാണെക്കാണെയാണെന്നും കഥയിലും കഥാപാത്രങ്ങളിലുമെല്ലാം ഒരുപാട് സ്ട്രോങ്ങായിട്ടുള്ള ഒരു സിനിമയാണ് അതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ.
‘എനിക്കും ടോവിനോയ്ക്കും ഒന്നിച്ചഭിനയിക്കാനുള്ള ഒരുപാട് സിനിമകൾ മായാനദിക്ക് ശേഷം വന്നിട്ടുണ്ട്. പക്ഷെ എനിക്ക് മായനദിയോട് ഒരു റെസ്‌പെക്ട് ഉണ്ട്. പണം മാത്രം നോക്കിയാണെങ്കിൽ ബാക്ക് റ്റു ബാക്കായി ഒരുപാട് സിനിമകൾ എനിക്ക് ചെയ്യാമായിരുന്നു. അതിലൂടെ ഹിറ്റ് ജോഡി എന്ന പേരിൽ ഞങ്ങൾക്ക് അറിയപ്പെടാമായിരുന്നു. ഹിറ്റ് ജോഡിയല്ല, പോപ്പുലർ ജോഡി എന്ന രീതിയിൽ.
പക്ഷെ അതല്ലായിരുന്നു, എനിക്ക് ആ മായാനദി എന്ന ഫാക്ടർ വളരെ വലുതായിരുന്നു. എനിക്ക് അതുപോലെ ഒരു സിനിമയാണ് വേണ്ടിരുന്നത്. കാണെക്കാണെ എന്ന ചിത്രം എനിക്കതിനോടൊപ്പം തന്നെ വെക്കാം. കാരണം അത് സ്റ്റോറിയിലും കഥാപാത്രങ്ങളിലുമെല്ലാം വളരെ സ്ട്രോങ്ങായിട്ടുള്ള ഒരു സിനിമയാണ്,’ഐശ്വര്യ ലക്ഷ്മി പറയുന്നു.
കാണെക്കാണെ
ഉയരെ എന്ന ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്ത സിനിമയായിരുന്നു കാണെക്കാണെ. ടൊവിനൊ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് ബോബി- സഞ്ജയ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. ഓ.ടി.ടി റിലീസായി പ്രേക്ഷർക്ക് മുന്നിലെത്തിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Aishwarya Lakshmi About Kaane kaane Movie