ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു.
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ തെലുങ്ക് ചിത്രമായിരുന്നു അമ്മു. ഒ.ടി.ടി റിലീസായി എത്തിയ സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു. എന്നാൽ ആ സിനിമ കാണില്ലെന്ന് തന്റെ ‘അമ്മ പറഞ്ഞിരുന്നുവെന്നും നിന്നെ ആളുകൾ ഉപദ്രവിക്കുന്നത് കാണാൻ എന്നെക്കൊണ്ട് സാധിക്കില്ല എന്നായിരുന്നു ‘അമ്മ പറഞ്ഞതെന്നും ഐശ്വര്യ പറയുന്നു. രക്ഷിതാക്കൾക്ക് താൻ ഇപ്പോഴും ഒരു കുട്ടിയാണെന്നും സാധാരണ മലയാളിരക്ഷിതാക്കളെപ്പോലെ അവർക്കും ചിലകാര്യങ്ങളിൽ ആശങ്കയുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ.
‘അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും കുട്ടിയാണ്. സാധാരണ മലയാളിരക്ഷിതാക്കളെപ്പോലെ അവർക്കും ചിലകാര്യങ്ങളിൽ ആശങ്കയുണ്ട്. അല്ലാതെ എൻ്റെ കാര്യത്തിൽ അമിത ഇടപെടലുകളില്ല. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. കഥയുടെ തെരഞ്ഞെടുപ്പുകളിൽ പുറമേനിന്നുള്ള ആരുടെയും അംഗീകാരം ഞാൻ തേടാറുമില്ല.
സിനിമയിൽ ഇപ്പോൾ ഏഴുവർഷമായില്ലേ, ഞാൻ ഉചിതമായ തീരുമാനങ്ങളേ എടുക്കുകയുള്ളൂവെന്ന് അവർക്കറിയാം. ഇടയ്ക്ക്, എന്തായി സിനിമ എന്ന് അമ്മ ചോദിക്കും. അപ്പോൾ കഥയുടെ വൺലൈനൊക്കെ പറഞ്ഞു കൊടുക്കും. കഥ കേൾക്കുമ്പോൾ രസമുണ്ടോ ഇല്ലയോ എന്നൊക്കെ പറയാറുണ്ട്. ‘അമ്മു’ ഒരുപാട് അവാർഡുകൾ സമ്മാനിച്ച സിനിമയാണ്. കഥ കേട്ടപ്പോൾ അമ്മ പറഞ്ഞു, “അവാർഡുകൾക്ക് സാധ്യതയുണ്ട്. പക്ഷേ, ഈ സിനിമ ഞാൻ കാണില്ല. കാരണം, നിന്നെ ആളുകൾ ഉപദ്രവിക്കുന്നത് കാണാൻ എന്നെക്കൊണ്ട് സാധിക്കില്ല എന്നായിരുന്നു.
പൊതുവിടങ്ങളിൽ സ്വകാര്യത കിട്ടില്ല എന്നത് ഈ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവ് എനിക്കുണ്ട്. സിനിമയുടെ ഭാഗമായതിൽപ്പിന്നെ ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ചു. സ്വാഭാവികമായും അതിൻ്റെ മറ്റുവശങ്ങളും അനുഭവിക്കേണ്ടിവരും.
പൊതുവിടങ്ങളിൽ കൂടുതൽ സ്വകാര്യത കിട്ടിയിരുന്നുവെങ്കിൽ എന്ന് ഇടയ്ക്കാലോചിക്കും. പുറത്തുള്ളവർ ഒരു അഭിനേത്രി എന്നനിലയിൽ മാത്രം എന്നെ കണ്ടിരുന്നുവെങ്കിലെന്ന് തോന്നാറുണ്ട്. എന്നാൽ, ഇതൊക്കെ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി,’ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lakshmi About Her Mother And Ammu Movie