| Sunday, 24th November 2024, 8:10 am

അവർ പോലും എന്നെ തിരിച്ചറിയുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു.

കേവലം പ്രണയ രംഗങ്ങളിലും പാട്ടുസീനുകളിലും വന്നു പോകുന്ന നായികമാർ എന്ന ഫോർമുലയിൽ നിന്ന് സിനിമകൾ മാറിയെന്നും ആ മാറ്റത്തിൽ സന്തോഷമുണ്ടെന്നും പറയുകയാണ് ഐശ്വര്യ. തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ ഉള്ളവർ പോലും തിരിച്ചറിയുമ്പോൾ വലിയ സന്തോഷമുണ്ടെന്നും ഭാഷ ഏതായാലും സിനിമ ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹമെന്നും മലയാള മനോരമ ദിനപത്രത്തോട് താരം പറഞ്ഞു.

‘നായിക കേവലം പ്രണയരംഗങ്ങളിലും പാട്ടു സീനുകളിലും മാത്രം വന്നുപോകുന്ന പതിവു ഫോർമുലകളിൽ നിന്നു തെന്നിന്ത്യൻ സിനിമകൾ മാറിക്കഴിഞ്ഞു. ആ മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പൊള്ളാച്ചിയിലെയും കാരെക്കുടിയിലെയും ഉൾഗ്രാമങ്ങളിൽ പോലും ഷൂട്ടിങ്ങിനു പോകുമ്പോൾ ജനങ്ങൾ തിരിച്ചറിയുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

ഭാഷ ഏതായാലും നല്ല സിനിമകൾ ചെയ്യാൻ കഴിയണം എന്നതാണ് ആഗ്രഹം. സിനിമ ഒരു പാഷനായി കണ്ട് ഈ രംഗത്തേക്ക് കടന്നു വന്നതാണു ഞാൻ. പിന്നീട് അതെന്റെ പ്രഫഷൻ കൂടിയായി. എന്നാൽ സിനിമയെ ഒരു ആർട്ട് കൂടിയായി എങ്ങനെ കാണാം എന്ന് പഠിച്ചതോടെയാണ് അഭിനയം ഞാൻ കൂടുതൽ ആസ്വദിക്കാൻ തുടങ്ങിയത്. കമലഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന, ‘തഗ് ലൈഫിൽ’ അഭിനയിക്കുന്നുണ്ട്. ചില തമിഴ്, തെലുങ്ക് സിനിമകളുടെയും വെബ്‌സീരീസിന്റെയും ഷൂട്ടിങ്ങും നടക്കുന്നു,’ഐശ്വര്യ ലക്ഷ്മി പറയുന്നു.

അതേസമയം ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹലോ മമ്മി പ്രദർശനം തുടരുകയാണ്. ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മി നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്.

Content Highlight: Aishwarya Lakshmi About Her Film Career

We use cookies to give you the best possible experience. Learn more