| Thursday, 14th November 2024, 3:56 pm

അന്ന് സെറ്റിലാരും വൾഗറായ രീതിയിലല്ല അതിനെ കണ്ടത്, എനിക്കായിരുന്നു ടെൻഷൻ: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വലിയ ഹിറ്റ് ആയിരുന്നു.

ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, ജയറാം, പ്രകാശ് രാജ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിട്ടുണ്ടായിരുന്നു.

മലയാളി താരം ഐശ്വര്യ ലക്ഷ്മി പൂങ്കുഴലി എന്നൊരു ശ്രദ്ധേയ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ ശരീരം പ്രദർശിപ്പിക്കുന്ന കഥാപാത്രം പൂങ്കുഴലിയാണെന്നും എന്നാൽ ക്യാമറ ടെസ്റ്റിനായി പോയപ്പോൾ ഇപ്പോൾ കാണുന്ന കോസ്റ്റ്യൂം പോലും ആ കഥാപാത്രത്തിന് ഇല്ലായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

തന്റെ ടെൻഷനും പേടിയും കണ്ടിട്ടാണ് ഇപ്പോൾ സിനിമയിൽ കാണുന്ന കോസ്റ്റ്യൂം ഉൾപ്പെടുത്തിയതെന്നും എന്നാൽ സെറ്റിൽ ആരും വൾഗറായ രീതിയിലൊന്നുമല്ല അതിനെ കണ്ടതെന്നും ഐശ്വര്യ പറഞ്ഞു. കരിക്ക് ഫ്ലിക്കിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ.

‘ആദ്യമായി അങ്ങനെ ഒരു വേഷത്തിൽ അഭിനയിക്കേണ്ടി വന്നപ്പോൾ നല്ല പ്രയാസമുണ്ടായിരുന്നു. ഒരു ദിവസം മുമ്പ് തന്നെ ഞങ്ങൾ ക്യാമറ ടെസ്റ്റ്‌ ചെയ്യാൻ പോയിരുന്നു. കാരണം കടലിലാണല്ലോ ഷൂട്ട്‌ ചെയ്യുന്നത്. ക്യാമറ ടെസ്റ്റ്‌ ചെയ്യാൻ പോയപ്പോൾ കോസ്റ്റ്യൂം ഇങ്ങനെ പോലുമല്ലായിരുന്നു.

ആദ്യം ബ്ലൗസ് ഇല്ലാതെ സാരി മാത്രമായിരുന്നു ആ കഥാപാത്രത്തിന്റെ വേഷം. എന്റെ പേടിയും ടെൻഷനും കാരണമാണ് ആ ബ്ലൗസിന്റെ എഡിഷൻ വന്നത്. ഫസ്റ്റ് ഡേ ഷൂട്ട്‌ ചെയ്യാൻ പോയപ്പോൾ എനിക്ക് വലിയ ടെൻഷൻ തോന്നി. എനിക്കിത് പറ്റില്ല എന്നൊരു ചിന്ത വരില്ലേ.

പിന്നെ ഷൂട്ട്‌ തുടങ്ങിയപ്പോൾ അതങ്ങ് മറന്നു. സെറ്റിൽ ഒരാളും ഒരു വൾഗർ രീതിയിലല്ല അത് കാണുന്നത്. എനിക്കൊരു ജാക്കറ്റ് ഉണ്ടായിരുന്നു. ഷോട്ടിന്റെ സമയത്ത് മാത്രമാണ് അത് മാറ്റുക. ആ ഷൂട്ടിങ് ഫ്ലോയിൽ അതങ്ങ് പോയതാണ്.

എന്നാൽ ഇപ്പോൾ എനിക്ക് ആ രീതിയിലുള്ള പ്രയാസമൊന്നും തോന്നാറില്ല. കാരണം ഒരു അഭിനേതാവ് എന്ന നിലയിൽ മുടി മുതൽ നഖം വരെ എല്ലാം അഭിനയിക്കാനുള്ള ഒരു ടൂളായിട്ടാണ് ഞാനിപ്പോൾ വിശ്വസിക്കുന്നത്,’ഐശ്വര്യ ലക്ഷ്മി പറയുന്നു

Content Highlight: Aishwarya Lakshmi About Her Character In Ponniyin Selven Movie

We use cookies to give you the best possible experience. Learn more