Advertisement
Entertainment
കൊത്തയിൽ രാജുവേട്ടന് പകരം രാജു എന്ന് വിളിച്ചാൽ പോരേയെന്ന് ചോദിച്ചപ്പോൾ എനിക്കൊരു മറുപടി തന്നു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 03, 07:17 am
Tuesday, 3rd December 2024, 12:47 pm

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് 2023ല്‍ റിലീസായ ചിത്രമാണ് കിങ് ഓഫ് കൊത്ത. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഹൈപ്പ് സൃഷ്‌ടിച്ച സിനിമ കൂടിയാണ് കിംഗ് ഓഫ് കൊത്ത.

എന്നാൽ 40 കോടിയോളം ബജറ്റില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ക്ക് മോശം അഭിപ്രായമായിരുന്നു ലഭിച്ചത്. പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് മുതല്‍മുടക്ക് മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ ദുല്‍ഖറിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും കഥാപാത്രങ്ങള്‍ ട്രോള്‍ പേജുകളില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച രാജു എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി രാജുവേട്ടാ എന്നായിരുന്നു വിളിക്കുന്നത്. ഏറെ ട്രോൾ ചെയ്യപ്പെട്ട ഒന്നായിരുന്നു ഇത്.

എന്നാൽ ആ കഥാപാത്രത്തെ രാജുവേട്ടാ എന്ന് വിളിക്കണോയെന്ന് താൻ സംവിധായകനോട് ചോദിച്ചിരുന്നുവെന്നും അതിൽ തനിക്കും പ്രശ്നം തോന്നിയിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ആ കാലഘട്ടത്തിൽ അങ്ങനെയാണെന്നായിരുന്നു അവരുടെ മറുപടിയെന്നും അത് തങ്ങളുടെ ആരുടേയും തെറ്റല്ലെന്നും ഐശ്വര്യ പറഞ്ഞു. ധന്യ വർമയുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘കിംഗ് ഓഫ് കൊത്തയിൽ അഭിനയിച്ചതിന് ശേഷം ഞാൻ ഒരുപാട് ട്രോൾ ചെയ്യപ്പെട്ടിരുന്നു. എന്റെ അഭിനയം പോരാ. കഥാപാത്രം നന്നായില്ല എന്നൊക്കെ. എനിക്ക് ആ സ്ക്രിപ്റ്റിൽ ഉള്ളത് മാത്രമല്ലേ അഭിനയിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ സംവിധായകൻ പറയുന്ന പോലെ മാത്രമേ എനിക്ക് അഭിനയിക്കാൻ സാധിക്കുകയുള്ളൂ.

എന്നെ ഒരാൾ മോശമായി ഡയറക്റ്റ് ചെയ്തു എന്നല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്നത് ആ സിനിമയിലും ആ കാലഘട്ടത്തിലും രാജുവേട്ടാ എന്നായിരുന്നു വിളിക്കേണ്ടത്. ഞാൻ അതിനെകുറിച്ച് സംവിധായകനോട് ചോദിച്ചിട്ടുണ്ട്, രാജു എന്ന് വിളിക്കട്ടെയെന്ന്. ഈ വിളിയിൽ എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു.

അപ്പോൾ അവർ പറഞ്ഞത്, നമ്മൾ വലിയൊരു ഗ്യാങ്സ്റ്ററിനെയാണ് കാണിക്കുന്നത്. അപ്പോൾ ആ രീതിയിൽ വേണം രാജു എന്ന കഥാപാത്രത്തെ വിളിക്കേണ്ടത്. അതിന് കുറെ കാലം ഞാൻ ട്രോൾ ചെയ്യപ്പെട്ടു. എന്നാൽ അതെന്റെ തെറ്റാണോ? അല്ല. അതുപോലെ അവരുടെ തെറ്റാണോ? അല്ല,’ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lakshmi About Her Character In King Of Kotha Movie