'ഒരിഞ്ച് പുറകോട്ടില്ല'; താന്‍ സുരക്ഷിതയെന്നറിയിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്
JNU
'ഒരിഞ്ച് പുറകോട്ടില്ല'; താന്‍ സുരക്ഷിതയെന്നറിയിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 6:34 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒരിഞ്ച് പുറകോട്ടില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സുരക്ഷിതമാണെന്നും ഐഷേ ഗോഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം ജെ.എന്‍.യു ക്യാംപസില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷിന് സാരമായ പരിക്ക് പറ്റിയിരുന്നു. ഇവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

‘നന്ദി, എല്ലാവര്‍ക്കും. ഞാന്‍ തിരിച്ചു വന്നു, സുരക്ഷിതമാണ് തയ്യാറാണ്.
അതെ #ഒരിഞ്ചുപോലുംപിറകോട്ടില്ല,’ ഐഷേ ഗോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അക്രമത്തില്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി സതീഷിനും പരിക്കേറ്റിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിച്ചത്. അന്‍പതോളം മുഖംമറച്ചെത്തിയവരാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ മാരകായുധങ്ങളുമായി ആക്രമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നു.

അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകളെ സമരമുഖത്തു നിന്ന് തിരികെ വിളിക്കില്ലെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

ചിത്രം കടപ്പാട്: എന്‍.ഡി.ടി.വി