ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് അയ്ഷി ഘോഷ്. ദല്‍ഹിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവര്‍.
കേരളം പൗരത്വ നിയമത്തിനെതിരെ മാതൃകാപരമായ നിലപാടാണ് എടുത്തതെന്നും എങ്ങനെയാണ് ഒരു സംസ്ഥാനം അതിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് കേരളം രാജ്യത്തിന് കാണിച്ചു കൊടുക്കുന്നു എന്നും പറഞ്ഞ അയ്ഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് മുന്നോട്ട് പോവാനാണ് പറഞ്ഞതെന്നും ഇത് തനിക്ക് വളരെ പ്രചോദനമായെന്നും പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും തുടക്കം മുതലേ ഞങ്ങളോടൊപ്പം നിന്നതിനും ഞാനാദ്യം തന്നെ കേരള സര്‍ക്കാരിനോട് നന്ദി പറയുന്നു.
സി.എ.എയ്‌ക്കെതിരായ സമരം മുന്നില്‍ നിന്ന് നയിച്ചത് കേരളമാണ്. അത് രാജ്യമെമ്പാടും വലിയ രീതിയില്‍ പ്രചോദനമായി. എങ്ങനെയാണ് ഒരു സംസ്ഥാനം അതിന്റെ മതേതരത്വമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് കേരളം രാജ്യത്തിന് കാണിച്ചു കൊടുത്തു.
ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ കേരളത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന വനിതാമതിലില്‍ ഞാനും പങ്കെടുത്തിരുന്നു. ഇതെല്ലാം സ്ത്രീകളെ പൊരുതാന്‍ പ്രേരിപ്പിക്കുന്നു.
മുന്നോട്ട് പോവുക എന്നാണ് സഖാവ് പിണറായി വിജയന്‍ എന്നോട് പറഞ്ഞത്. ഇതില്‍ നിന്നെല്ലാം ആണ് ഞാന്‍ പ്രചോദിപ്പിക്കപ്പെടുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫീസ് വര്‍ധനവിനെതിരെയുള്ള പോരാട്ടമാകട്ടെ സി.എ.എയ്‌ക്കെതിരെയുള്ള പോരാട്ടമാകട്ടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ഈ സമയത്ത് നമ്മള്‍ എല്ലാവരും ഒരുമിച്ച് നിന്ന് പൊരുതേണ്ടതുണ്ട്. അതാണ് ഇപ്പോള്‍ എനിക്ക് പറയാനുള്ളത്. ഞങ്ങളോടൊപ്പം നിന്നതിന് കേരളത്തിലെ ജനങ്ങള്‍ക്ക് വീണ്ടും വീണ്ടും നന്ദി പറയുന്നു. കേരളത്തിലെ യുവാക്കളും സഖാക്കളും കഴിഞ്ഞ 75 ദിവസം ജെ.എന്‍.യു സമരത്തിന് നല്‍കുന്ന സഹകരണം വളരെ വലുതാണ്. അയ്ഷി ഘോഷി പറഞ്ഞു.