| Tuesday, 7th January 2020, 9:41 pm

എല്ലാ അനീതിക്കെതിരെയും ശബ്ദമുയര്‍ത്തണം; ജെ.എന്‍.യു സന്ദര്‍ശിച്ച ദീപിക പദുക്കോണിനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍, ഐഷേ ഘോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയില്‍ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ദീപിക പദുക്കോണിന് അഭിനന്ദനവുമായി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷും ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ‘ഗുഡ് ഓണ്‍ യു ദീപിക’എന്നായിരുന്നു സ്വര ദീപിക പദുക്കോണിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്.

ഞായറാഴ്ച ക്യാമ്പസില്‍ നടന്ന അക്രമത്തിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം.

ദീപികയോടപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഐഷേ ഘോഷ് ഫേസ്ബുക്കില്‍ ദീപികക്ക് അഭിനന്ദനമറിയിച്ചത്. നിങ്ങളെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടൊപ്പമാണ് ഫേസ്ബുക്കിലെ പോസ്റ്റ്. എല്ലാ അനീതിക്കെതിരെയും ശബ്ദമുയര്‍ത്തണമെന്നും പോസ്റ്റില്‍ പറയുന്നു.

ജെ.എന്‍.യു ക്യാമ്പസില്‍ നേരിട്ടെത്തിയാണ് ദീപിക പിന്തുണ പ്രഖ്യാപിച്ചത്. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെ.എന്‍.യുവില്‍ എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആക്രമണത്തില്‍ പരിക്കേററ സ്‌ററുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, മുന്‍ വിദ്യാര്‍ഥി നേതാവായ കനയ്യ കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ കഴിഞ്ഞ ദിവസം റോഡിലിറങ്ങി ബോളിവുഡ് താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, റിച്ച ചദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരത്വാജ്, അനുരാഗ് കശ്യപ്, സോയ അക്തര്‍ അനുരാഗ് ബസു എന്നിവരാണ് പങ്കെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, അലിയ ഭട്ട്, കൃതി സനോണ്‍, സോനം കപൂര്‍, അനില്‍ കപൂര്‍, തുടങ്ങിയ താരങ്ങള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണമറിയിച്ചിരുന്നു.

DoolNews Video

 

We use cookies to give you the best possible experience. Learn more