| Friday, 11th June 2021, 12:35 pm

രാജ്യദ്രോഹം ഉപയോഗിച്ച് വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ കഴിയില്ല; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ഐഷേ ഘോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലക്ഷദ്വീപ് സ്വദേശിയും സിനിമാപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ. നേതാവുമായി ഐഷേ ഘോഷ്. രാജ്യദ്രോഹം ഉപയോഗിച്ച് വിയോജിപ്പുകളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് ഐഷേ ഘോഷ് പറഞ്ഞു.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്തുണയുമായി ഐഷേ ഘോഷ് രംഗത്തെത്തിയത്. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, രാജ്യത്തെയോ സര്‍ക്കാറിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ പരാമര്‍ശം നടത്തിയതെന്ന് ഐഷ പറഞ്ഞു.

ലക്ഷദ്വീപില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് പ്രസ്താവന നടത്തിയത്. അതില്‍ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല.

അതേസമയം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഷയോട് ഈ മാസം 20 ന് നേരിട്ടു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aishe Ghosh Aisha Sultana Lakshadweep Praful Patel

We use cookies to give you the best possible experience. Learn more