| Monday, 14th September 2020, 8:45 am

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നത് നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി ഒരു കുറ്റകൃത്യമായി മാറിയിരിക്കുന്നു! ഐഷേ ഘോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ്.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നത് നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി ഒരു കുറ്റകൃത്യമായി മാറിയിരിക്കുന്നു എന്ന് ദല്‍ഹി പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടി അവര്‍ വിമര്‍ശിച്ചു.

”കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറും ‘ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ’ എന്നുപറയഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ പറഞ്ഞത്
രാജ്യം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനും തങ്ങള്‍ക്കൊപ്പം അണിചേരൂ എന്നാണ്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നത് നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി ഒരു കുറ്റകൃത്യമായി മാറിയിരിക്കുന്നു!” #StandWithUmarKhalid എന്ന ഹാഷ്ടാഗോടെ ഐഷേ ഘോഷ് ട്വീറ്റ് ചെയ്തു.

ദല്‍ഹി പൊലീസിന്റെ കെട്ടുകഥകാളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും
ബി.ജെ.പി മന്ത്രിമാരും വിദ്വേഷികളായ കപില്‍ മിശ്രയും അനുരാഗ് താക്കൂറും ഒഴികെ എല്ലാവരെയും ദിദല്‍ഹി പൊലീസ് തടവിലാക്കുമെന്നും അവര്‍ പ്രതികരിച്ചു.

ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: aishe ghosh against delhi police action on Umar Khalid

We use cookies to give you the best possible experience. Learn more