| Thursday, 15th June 2023, 9:16 am

'അത് കേരളമല്ലേ, അതൊന്നും നടക്കില്ല, സ്ഥലം വേറെയാണ്'; ഫ്‌ളഷ് റിലീസിന് മുന്നോടിയായി വീഡിയോ പങ്കുവെച്ച് ഐഷ സുല്‍ത്താന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ഫ്‌ളഷ് റിലീസിനൊരുങ്ങുകയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഐഷ.

ഒരു മുതിര്‍ന്ന വ്യക്തിയോട് സംസാരിക്കുന്ന മൂന്ന് കുട്ടികളെയാണ് വീഡിയോയില്‍ കാണുന്നത്. ‘ഇവിടെ നിന്നും നാട്ടില്‍ പോയി കൃഷിപ്പണി ചെയ്ത് ജീവിക്കണം’ എന്ന് മുതിര്‍ന്ന വ്യക്തി പറയുന്നത് കേള്‍ക്കുന്ന കുട്ടികള്‍ ‘അങ്ങനെ പറ്റുവോ, പുതിയ ഏതോ ബില്ല് വരുന്നുണ്ടെന്ന് കേട്ടല്ലോ’ എന്ന് പറയുന്നു.

‘ആ ബില്ലോ, അത് കേരളമല്ലേ, അവിടെ അതൊന്നും നടക്കില്ല, അത് സ്ഥലം വേറെയാണ്’ എന്നാണ് അദ്ദേഹം കുട്ടികള്‍ക്ക് കൊടുക്കുന്ന മറുപടി. ഇതിനോട് ‘അപ്പോള്‍ നമ്മള്‍ എന്തായാലും പെടുമല്ലേ’ എന്ന് പ്രതികരിക്കുന്ന കുട്ടികളെ ആശങ്കയോടെ നോക്കുന്ന മുതിര്‍ന്ന വ്യക്തിയെ കാണിച്ചുകൊണ്ടാണ് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്.

നിരവധി തടസങ്ങള്‍ മറികടന്നാണ് ചിത്രം തിയേറ്റുകളിലേക്ക് എത്തുന്നത്. കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ പരാമര്‍ശങ്ങള്‍ ഉള്ളത് കൊണ്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിര്‍മാതാവ് ബീന കാസിം തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് ഐഷ സുല്‍ത്താന ആരോപിച്ചിരുന്നു. കേസ് കൊടുത്താലും യൂട്യൂബിലൂടെയാണെങ്കിലും ചിത്രം റിലീസ് ചെയ്യുമെന്നും ഐഷ പറഞ്ഞിരുന്നു.

ഐഷക്ക് മറുപടിയുമായി ബീന കാസിമും രംഗത്തെത്തിയിരുന്നു. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ തന്റെ സിനിമയില്‍ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുക്കളെ ഉണ്ടാക്കി കൊണ്ട് തന്നെ മനപൂര്‍വ്വം ഉപദ്രവിക്കാന്‍ ഐഷ ശ്രമിച്ചിരിക്കുന്നു എന്നും ഇതേ ചൊല്ലിയാണ് സംവിധായികയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങിയതെന്നും ബീന കാസിം പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ സിനിമ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് പറയുകയായിരുന്നു.

Content Highlight: aisha sulthana shares a video from her movie flush

We use cookies to give you the best possible experience. Learn more